കോഴിക്കോട് ലോ കോളജ് വിദ്യാര്‍ഥിനി വാടകവീട്ടില്‍ തൂങ്ങിമരിച്ചതില്‍ ദുരൂഹത. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി മൗസ മെഹ്റിസി(20)ന്റെ ആണ്‍സുഹൃത്തിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മൗസയെ കോഴിക്കോട്ടെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ പാവറട്ടി ഊക്കന്‍സ് റോഡില്‍ കൈതക്കല്‍ കുടുംബാംഗമാണ് മൗസ.
സംഭവദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് കാംപസില്‍ സഹപാഠിക്കൊപ്പം സംസാരിച്ചിരുന്ന മൗസയെ മൂന്നരയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ സഹപാഠികളായ ആറു പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആൺസുഹൃത്തിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയത്. മൗസയുടെ മരണത്തിനുശേഷം ഇയാൾ ഒളിവിലാണ്. മൗസയുടെ ഫോണും കണ്ടെത്താനായില്ല. മൗസയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കുടുംബം ആരോപിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ ക്ലാസിലെത്തിയ മൗസ പിന്നീട് ക്ലാസില്‍ നിന്നിറങ്ങി. ഉച്ചയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം കാംപസിലിരുന്നു. ഇത് മറ്റുപല വിദ്യാര്‍ഥികളും കണ്ടതായി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൂന്നരയോടെ തൊട്ടടുത്ത മുറിയിലെ വിദ്യാര്‍ഥി എത്തിയപ്പോഴാണ് മൗസയെ മരിച്ചനിലയില്‍ കണ്ടത്. കോവൂര്‍ സ്വദേശിയെന്ന് കരുതുന്ന മൗസയുടെ ആൺസുഹൃത്ത് വിവാഹിതനാണെന്നും വിവരമുണ്ട്. മൗസയുടെ ഫോൺ ഇയാൾ കൊണ്ടുപോയതാണോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്.