വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പ്രവൃത്തികളില്‍ നേരത്തേ സംശയവും ദുരൂഹതയും തോന്നിയിരുന്നുവെന്ന് ഉമ്മ ഷെമിയുടെ ബന്ധുക്കള്‍. കുടുംബത്തില്‍ നടക്കുന്ന ചടങ്ങുകളിലൊന്നും അഫാന്‍ എത്താറില്ല. എന്തെങ്കിലും ആവശ്യത്തിനു വിളിച്ചാല്‍ മാത്രം വരും, ആരുമായും അധികം ഇടപെഴകില്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
പലപ്പോഴും രാത്രിസമയങ്ങളില്‍ അഫാന്‍ വീട്ടിലുണ്ടാവാറില്ലെന്നും എങ്ങോട്ട് പോകുന്നുവെന്നതിനെക്കുറിച്ച് ആര്‍ക്കും അറിവൊന്നുമില്ലെന്നും ബന്ധുക്കള്‍. ആരോടും വലിയ ബന്ധം സ്ഥാപിക്കാതെ സ്വന്തം കാര്യങ്ങളില്‍ മുഴുകുന്ന സ്വഭാവക്കാരനായിരുന്നു അഫാന്‍. സംഭവദിവസം ഫര്‍സാനയെ വീട്ടിലേക്ക് കയറ്റിയത് പിന്‍വാതിലിലൂടെയാണ്, അനുജനെ വലിയ സ്നേഹമായിരുന്നു, സാമ്പത്തികകാര്യങ്ങളിലും എന്തൊക്കെയോ ദുരൂഹതകളുണ്ടെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
രാത്രി വളരെ വൈകി ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് പല തവണ മോട്ടർ വാഹന വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. സ്വന്തമായുണ്ടായിരുന്ന ഒരു ബുള്ളറ്റ് നേരത്തേ പണയം വച്ചിരുന്നു. പിന്നീട് ആ ബുള്ളറ്റ് ആരും കണ്ടിട്ടില്ല. വീട്ടിലുണ്ടായിരുന്ന കാർ ആദ്യം രണ്ടര ലക്ഷം രൂപയ്ക്ക് പണയം വയ്ക്കുകയും പിന്നീട് 4 ലക്ഷം രൂപയ്ക്ക് വിറ്റ് അതിൽ ഒരു ലക്ഷം രൂപ സൗദിയിലുള്ള പിതാവിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. എട്ട് വർഷം മുൻപ് ഒരു ലക്ഷത്തിലേറെ വില വരുന്ന ഫോൺ വാങ്ങി നൽകാത്തതിനാൽ അഫാൻ വീട്ടിൽ പ്രശ്നമുണ്ടാക്കിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.