വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. എലിവിഷം കഴിച്ചതിനാല്‍ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ള അഫാനെ ആശുപത്രിയിൽ എത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അമ്മ ഷെമിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു.
കേരളം വിറങ്ങലോടെ കേട്ട വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്ന് നാലാം ദിനമാണ് അഫാന്റെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്. അഞ്ചു പേരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പാങ്ങോട് വെഞ്ഞാറമൂട് സ്റ്റേഷനുകളിലായി മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ മുത്തശ്ശിയായ സൽമാബീവിയെ കൊലപ്പെടുത്തിയതിൽ പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആദ്യ അറസ്റ്റ്. പ്രാഥമിക മൊഴിയെടുപ്പിനായി പൊലീസ് ഉദ്യോഗസ്ഥർ മെഡിക്കൽ കോളജിൽ എത്തി.
മജിസ്ട്രേറ്റിനെ എത്തിച്ച് റിമാൻഡ് രേഖപ്പെടുത്തും. കൊലപാതകങ്ങൾ നടത്തി മദ്യത്തിൽ എലിവിഷം കലർത്തി കുടിച്ച ശേഷമാണ് അഫാൻ തിങ്കളാഴ്ച വൈകിട്ട് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അന്നുമുതൽ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അഫാൻ ഇപ്പോൾ ആരോഗ്യവാനാണ്. എങ്കിലും ഒന്ന് രണ്ട് ദിവസം കൂടി നിരീക്ഷണത്തിൽ തുടർന്നേക്കും. അതേസമയം വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അഫാന്റെ ഉമ്മ ഷെമിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഷമിയുടെ മൊഴിയെടുക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ആരോഗ്യനില പൂർണമായി മെച്ചപ്പെട്ട ശേഷമാകും അഫാനെ തെളിവെടുപ്പിന് കൊണ്ടുപോവുക.