കോഴിക്കോട് കൊടുവള്ളിയിൽ 15 ഗ്രാം എംഡിഎംഎയുമായി ദന്ത ഡോക്ടർ പിടിയിൽ. കൊടുവള്ളി കരുവൻ പൊയിലിലെ ക്ലിനിക് നടത്തുന്ന ഇയാൾ ബെംഗളൂരുവിൽ നിന്ന് ലഹരി എത്തിച്ച് വില്പന നടത്തുകയായിരുന്നു. പാലക്കാട് കരിമ്പകളിയോട് കണ്ണൻകുളങ്ങര സ്വദേശി വിഷ്ണുരാജ് ആണ് പിടിയിലായത്.
രണ്ട് മാസമായി സ്പെഷൽ സ്ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. കൊടുവള്ളി ഓമശ്ശേരിയുള്ള ഫ്ലാറ്റിൽ നിന്നുമാണ് 15 ഗ്രാം എംഡിഎംഎ പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് എത്തിക്കുന്ന ലഹരി കോഴിക്കോട് ടൗൺ, എൻ.ഐ.ടി, കൊടുവള്ളി, മുക്കം എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കുമായി വിപുലമായ തോതിലാണ് വിൽപന നടത്തിയിരുന്നത്. കൂടാതെ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള മൊത്തവിതരണക്കാരിൽ നിന്നും ഇയാൾ ലഹരി എത്തിച്ചിരുന്നു. പ്രതി എല്ലാവിധ ലഹരിയും ഉപയോഗിക്കുന്നതായും പൊലീസ് പറഞ്ഞു.