ജനലക്ഷങ്ങൾ പിതൃതർപ്പണത്തിന് എത്തുന്ന ആലുവ മണപ്പുറം മഹാശിവരാത്രിക്കൊരുങ്ങി. 116 ബലിത്തറകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. കനത്ത പോലീസ് കാവലിലാണ് ക്ഷേത്രവും മണപ്പുറവും.
നാളെ രാത്രി 10 മണി മുതൽ ബലികർമ്മങ്ങൾ തുടങ്ങും. രാവിലെ പ്രത്യേക പൂജകൾ. ക്ഷേത്രകർമ്മങ്ങൾക്ക് മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. ബലിതർപ്പണത്തിന് 75 രൂപയാണ് നിരക്ക്. പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് ആഘോഷം. ഭക്തജനങ്ങൾക്ക് രണ്ട് കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. മണപ്പുറത്തെ അവസാനവട്ട ഒരുക്കങ്ങൾ വിവിധ വകുപ്പുകൾ വിലയിരുത്തി.
കൊച്ചി മെട്രോയും ദക്ഷിണ റെയിൽവേയും കെഎസ്ആർടിസിയും രാത്രി പ്രത്യേക സർവീസ് നടത്തും. ഫയർ ആൻഡ് റെസ്ക്യൂ, നീന്തൽ വിദഗ്ധർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ മുഴുവൻ സമയ സേവനവും ലഭിക്കും. നാളെ വൈകിട്ട് മുതൽ മറ്റന്നാൾ രണ്ടുമണിവരെ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഉണ്ട്.