താമരശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പത്താംക്ലാസുകാരന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത് ഞെട്ടിക്കുന്ന ശബ്ദസന്ദേശങ്ങള്‍. സംഘര്‍ഷത്തിന്‍റെ മുന്നണിയില്‍ നിന്ന വിദ്യാര്‍ഥികളുടെ ആക്രമവാസന വെളിവാക്കുന്നതാണ് ചാറ്റുകളും ശബ്ദസന്ദേസങ്ങളും. ‘ഷഹബാസിന്‍റെ കണ്ണിനു താന്‍ കുത്തി, അപ്പോള്‍ തന്നെ ഷഹബാസ് ഇല്ലാതെയായി. വേണമെന്നു കരുതി കുത്തിയിരുന്നെങ്കില്‍ ചത്തുപോയേനെ’ എന്നാണ് പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളിലൊന്ന്. ഇന്‍സ്റ്റഗ്രാം വഴി കൊലപാതകം ആസൂത്രണം ചെയ്യുമ്പോള്‍ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശബ്ദസന്ദേശം അയച്ച കുട്ടി തന്നെയാണ് വേണമെന്ന് വച്ച് കുത്തിയിരുന്നേല്‍ ചത്തുപോയെനെ എന്നും പറയുന്നത്.
‘ഇവനെന്താണ് തല്ലണം എന്ന് അറിയൂലെ, ഞാന്‍ മര്യാദയ്ക്ക് തല്ലിയിട്ട് പോലുമില്ല. പിടിച്ച് കണ്ണിന് നാല് കുത്തുകൊടുത്തു. അത് മാത്രമാണ് ചെയ്തത്. അതില്‍ തന്നെ ഓന്‍ ഇല്ലാണ്ടായി. ഫസ്റ്റിലെ കുത്തില്‍ തന്നെ ഓന്‍ അരഞ്ഞുപോയി. വേണം എന്നുവച്ച് തല്ലിയെങ്കില്‍ ചത്തുപോയെനെ’ ഓഡിയോ സന്ദേശത്തില്‍ പറയുന്നു. ‘ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും. അവന്‍റെ കണ്ണൊന്ന് നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല’ എന്നാണ് സന്ദേശം. ഞമ്മളിന്ന് കുത്തും, ആണുങ്ങളാരെങ്കിലുമുണ്ടേ വന്നോളീ. കൂട്ടത്തല്ലിൽ ഒരുത്തൻ മരിച്ചുകഴിഞ്ഞാലും ഒരു വിഷയവുമില്ല, പൊലീസ് കേസെടുക്കില്ല എന്നാണ് മറ്റൊരു വിദ്യാർഥി പറയുന്നത്. കേസ് ഉണ്ടാവില്ല, കേസ് തള്ളിപ്പോകുമെന്ന് വിദ്യാർഥികൾ പരസ്പരം പറയുന്നതായ സന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിന് പുറമെ വാട്സാപ്പില്‍ ഗ്രൂപ്പുണ്ടാക്കിയും വിദ്യാര്‍ഥികള്‍ സംഘര്‍ഷം ആസൂത്രണം ചെയ്തതായി പൊലീസ് കണ്ടെത്തി. സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ 'പ്രതികാരം ചെയ്തു'വെന്നായിരുന്നു കുട്ടികളുടെ മറുപടി. ALSO READ: മനപൂര്‍വം ചെയ്തതല്ല, പൊറുക്കണം'; കുറ്റം ഏറ്റുപറഞ്ഞ് പ്രതികളിലൊരാള്‍; ഷഹബാസിന് സന്ദേശം...
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെയും താമരശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ട്യൂഷന്‍ സെന്‍ററിലെ യാത്രയയപ്പ് ചടങ്ങില്‍ അവതരിപ്പിച്ച നൃത്തത്തിനിടെ പാട്ട് നിന്നുപോയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പരിഹസിച്ച് ഒരു വിഭാഗം കുട്ടികള്‍ കൂവിവിളിച്ചു. നൃത്തം ചെയ്ത പെൺകുട്ടി കൂവിയവരോട് ദേഷ്യപ്പെട്ടു. പിന്നാലെ പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകർ പിടിച്ചുമാറ്റി രംഗം ശാന്തമാക്കി മടക്കി അയച്ചു. തുടര്‍ന്ന് സംഘടിച്ചെത്തിയ കുട്ടികള്‍ മൂന്ന് തവണ ഏറ്റുമുട്ടുകയായിരുന്നു. ALSO READ: 'ഞമ്മളിന്ന് കുത്തും, ആണുങ്ങളാരെങ്കിലുമുണ്ടേ വന്നോളീ; കൊലവിളിച്ച് കുട്ടികള്‍! ശബ്ദസന്ദേശം പുറത്ത്...
ഏറ്റുമുട്ടലില്‍ പരുക്കേറ്റ ചുങ്കം പാലോറക്കുന്ന് സ്വദേശിയായ ഷഹബാസാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ഷഹബാസിനെ താമരശേരി ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്നെന്നും കണ്ണിനും തലയ്ക്കും അടിയേറ്റിരുന്നു, പുറമേ പരുക്കുകള്‍ ഇല്ലായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ച മുഹമ്മദ് സാലി മനോരമ ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ഥികളെ പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കൃത്യത്തില്‍ മുതിര്‍ന്നവരുടെ പങ്കില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇടിവള, നഞ്ചക് തുടങ്ങിയ ആയുധങ്ങള്‍ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചെന്ന് പൊലീസ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
ഷഹബാസിന്‍റെ മരണം ദുഃഖകരമാണെന്നും കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. വിഷയത്തില്‍ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ടെന്നും കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.