ഇരിങ്ങാലക്കുട ആസ്ഥാനമായ ബില്യൻ ബീസ് നിക്ഷേപ തട്ടിപ്പിൽ കൂടുതൽ പരാതികൾ പൊലീസിന് ലഭിച്ചു. പുതിയതായി രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തു. കോടികൾ നിക്ഷേപിച്ചതായി പൊലീസിന് സൂചന കിട്ടി .
10 ലക്ഷം മുടക്കിയാൽ പ്രതിമാസം 50,000 രൂപ വരുമാനം എന്ന ഓഫറിൽ വിശ്വസിച്ചവർ സാധാരണക്കാർ മാത്രമല്ല . ഉന്നതരായ പല വ്യക്തികളും പണം മുടക്കി. പ്രശസ്തനായ ഡോക്ടർ മുടക്കിയത് 11 കോടി രൂപയാണെന്ന് പൊലീസിന് വിവരം കിട്ടി . പക്ഷേ, ഡോക്ടർ ഔദ്യോഗികമായി ഇതുവരെ പരാതി നൽകിയിട്ടില്ല. ഇരിങ്ങാലക്കുടയിലെ കോമ്പാറ ബ്രദേഴ്സ് എന്നറിയപ്പെട്ടിരുന്ന സുബിനും ബിബിനും ലിബിനും സംസ്ഥാനത്തിന് പുറത്തും ആളുകളെ പറ്റിച്ചിട്ടുണ്ട്. നിലവിൽ ഇരിങ്ങാലക്കുടക്കാർ നൽകിയ പരാതിയിൽ മാത്രമാണ് കേസെടുത്തിട്ടുള്ളത്. തട്ടിപ്പ് നടത്തി ഗൾഫിലേക്ക് കടന്ന് പ്രതികളെ കൊടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. സി.ബി.ഐ മുഖേന ഇൻറർപോളിന്‍റെ സഹായം തേടാനാണ് പൊലീസിന്‍റെ നീക്കം . നിക്ഷേപ തട്ടിപ്പിന്‍റെ സൂത്രധാരൻ ബിബിൻ കെ. ബാബുവാണ്. ഭാര്യ ജെയ്തയും പ്രതിയാണ്. ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയതിനാൽ നാട്ടിൽ എത്തിയാൽ ഉടൻ കുടുങ്ങും . ആറു വർഷത്തിനിടെ 150 കോടി രൂപയോളം തട്ടിയെടുത്തതായാണ് പൊലീസിൻ്റെ കണക്ക് .