ലഹരിക്കടിമപ്പെട്ടുപോയാല്‍ പിന്തിരിയാനാവില്ലെന്ന ചിന്ത വേണ്ടെന്നും ലഹരിയെ തൂത്തെറിയാന്‍ ഒന്നു മനസുവച്ചാല്‍ മതിയെന്നും സ്വന്തം ജീവിതത്തിലൂടെ വെളിപ്പെടുത്തുകയാണ് സാലിഹ് എന്ന യുവാവ്. ലഹരിയുടെ കെണിയില്‍പ്പെട്ട് ജീവിതം കൈവിട്ട കാലത്തെക്കുറിച്ച് സാലിഹ് മനോരമന്യൂസുമായി സംസാരിച്ചു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തമാശയ്ക്ക് സിഗരറ്റ് വലിച്ചു തുടങ്ങിയതാണ് സാലിഹും കൂട്ടുകാരും. അന്ന് ഒരു സിഗരറ്റ് അഞ്ചുപേര്‍ ചേര്‍ന്ന് വലിക്കും. പിന്നെ പിന്നെ അഞ്ചുപേരും ഓരോന്ന് വീതം വലിച്ചു തുടങ്ങി.
പിന്നെ സിഗരറ്റ് പോരെന്നുതോന്നി തുടങ്ങിയപ്പോള്‍ കഞ്ചാവിലേക്ക് മാറി. കൂട്ടുകാരനാണ് ആദ്യം തന്നത്, അല്‍പാല്‍പം ഉപയോഗിച്ച് സുഹൃത്തുക്കള്‍ പന്ത്രണ്ടുപേര്‍ ചേര്‍ന്ന് പിന്നെ പാക്കറ്റുകള്‍ ഉപയോഗിച്ചുതുടങ്ങി. അന്നേ സ്കൂള്‍ പരിസരത്ത് കഞ്ചാവും എംഡിഎംഎയും സുലഭമായി കിട്ടുമെന്നും സാലിഹ് വെളിപ്പെടുത്തുന്നു. സിഗരറ്റില്‍ നിന്നും മദ്യപാനത്തില്‍ നിന്നും കിട്ടുന്ന ലഹരി മൂന്നോ നാലോ മണിക്കൂര്‍ മാത്രം ,എന്നാല്‍ കഞ്ചാവ് തന്ന ലഹരി എട്ട് മണിക്കൂറിലേറെ നില്‍ക്കുമായിരുന്നു. അതിനു കാരണം കഞ്ചാവില്‍ എലിവിഷം കൂടി ചേര്‍ക്കുമെന്നതാണെന്നും സാലിഹ് പറയുന്നു. പയ്യെപയ്യെ മാത്രമേ ലഹരി ഇറങ്ങുള്ളൂ. പക്ഷേ ആ കിട്ടിയ മണിക്കൂറിലെ ലഹരിക്കപ്പുറം ജീവനും ജീവിതവും മനസും നശിച്ചുപോവുകയായിരുന്നുവെന്നും സാലിഹ് വെളിപ്പെടുത്തുന്നു.
ഹരമായിത്തുടങ്ങിയ കഞ്ചാവിന്റെ ഉപയോഗത്തെത്തുടര്‍ന്ന് കയ്യും നെഞ്ചും ശരീരമാകെയും ഒട്ടിപ്പിടിച്ച് ഒരു വൃത്തികെട്ട രൂപമായി മാറി. കിട്ടാതെ ഒരു മിനിറ്റ് ഒന്നിരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ, ഒന്നുറങ്ങാന്‍ പോലും പറ്റാതെ മുറിക്കുള്ളിലൂടെ ഓടിനടന്ന ദിവസങ്ങള്‍, ആദ്യമാദ്യം പന്തല്‍പ്പണി ചെയ്തും, ഡ്രൈവര്‍ ജോലി ചെയ്തുമാണ് കഞ്ചാവിനായി പണം കണ്ടെത്തിയത്. പണത്തിനായി മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെ വിറ്റു. ലഹരിക്ക് പണം കണ്ടെത്താന്‍ പിന്നെ കുറ്റകൃത്യങ്ങളല്ലാതെ വഴിയില്ലാതായി. പിന്നീട് മോഷണത്തിലേക്ക് കടക്കാതെ നിവൃത്തിയില്ലാതായി. നടന്നുപോകുന്നയാളെ ചുമ്മാ ഉപദ്രവിച്ചു, പോക്കറ്റില്‍ കയ്യിട്ട് പഴ്സ് മോഷ്ടിച്ചു, അതുപിന്നെ ബൈക്ക് മോഷണത്തിലെത്തി, 13 ബൈക്കുകള്‍ മോഷ്ടിച്ചു, ഒടുവില്‍ പിടിയിലായി.
സുഹൃത്തുക്കളായ പന്ത്രണ്ടുപേരും നാലുമാസത്തോളം ജയിലില്‍ കിടന്നു. പക്ഷേ ആ കാലമായിരുന്നു ജീവിതം തിരിച്ചുപിടിക്കാനായി തങ്ങളെ പ്രേരിപ്പിച്ചതെന്നും സാലിഹ് പറയുന്നു. പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ പുതിയ ജീവിതം നല്‍കി. ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റാന്‍ മജിസ്ട്രേറ്റും മുന്‍കയ്യെടുത്തു. പന്ത്രണ്ടു യുവാക്കളാണ് ലഹരി ജീവിതം അതോടെ അവസാനിപ്പിച്ചത്. ലഹരി നിര്‍ത്തി ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം സാലിഹ് പിന്നെ ലഹരിക്കെതിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ബോധവല്‍ക്കരണ ക്ലാസുകളെടുത്തു തുടങ്ങി. നാല്‍പ്പത്തിയഞ്ചോളം കുട്ടികളെ ലഹരിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിച്ചു. ഒരു തവണ ലഹരിക്കേസില്‍പ്പെട്ട് അകത്താവുന്നവരെ നന്നാവാന്‍ സമൂഹം കൂടി അനുവദിക്കണമെന്നും സാലിഹ് പറയുന്നു. കള്ളന്റെയും മദ്യപാനിയുടേയും മനസ് മാറാന്‍ സമൂഹത്തിന്റെ മനസ് കൂടി അനിവാര്യമാണെന്നും സാലിഹ് കൂട്ടിച്ചേര്‍ക്കുന്നു.