ശരീരഭാഗങ്ങള്‍ വേര്‍പെട്ട നിലയില്‍ കണ്ടെത്തിയ അഞ്ചുവയസുകാരിയുടെ മൃതദേഹത്തെ ചൊല്ലി വിവാദം. ഉത്തര്‍പ്രദേശിലെ സിതാപുര്‍ പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നുമാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്. ക്രൂരമായി പെണ്‍കുട്ടി കൊല ചെയപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 25 മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. 26–ാം തീയതി പൊലീസ് സ്റ്റേഷനടുത്തുള്ള വയലില്‍ നിന്നും പെണ്‍കുട്ടിയുടെ കാല്‍ മാത്രം ലഭിച്ചു. ഇതോടെ വന്യമൃഗത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാവാമെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്.
എന്നാല്‍ വന്യമൃഗമല്ല, മകളെ ആരോ കൊന്നതാണെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആവര്‍ത്തിച്ചു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലില്‍ പരിസര പ്രദേശത്തെ വയലുകളില്‍ നിന്ന് മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തുകയായിരുന്നു. കാലും, നെഞ്ച് മുതല്‍ തല വരെയുള്ള ഭാഗവുമാണ് കണ്ടെത്തിയത്.
ഫൊറന്‍സിക് വിദഗ്ധര്‍ സാംപിളുകള്‍ ശേഖരിച്ചു. മൃതദേഹ ഭാഗങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതോടെ കഴുത്ത് ഞെരിഞ്ഞാണ് മരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ക്രൂര കൊലപാതകം ഒന്നിലേറെ പേര്‍ ചേര്‍ന്നാണ് ചെയ്തതെന്നാണ് നിലവിലെ സംശയം. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തുമെന്നും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും വനിത കമ്മിഷന്‍ അംഗമായ പ്രിയങ്ക മൗര്യ അറിയിച്ചു. കുട്ടിയുടെ കുടുംബത്തെയും അവര്‍ സന്ദര്‍ശിച്ചു. മതിയായ നിയമസഹായങ്ങളെല്ലാം ചെയ്തുനല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.