കൊല്ലം ഉളിയക്കോവിലിൽ യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നത് നീണ്ടകര സ്വദേശി. ഇരുപത്തിരണ്ടുകാരന്‍ തേജസ് രാജാണ് പ്രതി. പര്‍ദ്ദ ധരിച്ച് ഫെബിന്‍റെ വീട്ടിലെത്തിയ തേജസ് ആദ്യം കോളിംഗ് ബെല്ലടിച്ചു. ഫെബിന്‍റെ അച്ഛനാണ് വാതില്‍ തുറന്നത്. അദ്ദേഹത്തെ ആക്രമിച്ച പ്രതി ശബ്ദം കേട്ട് ഓടിയെത്തിയ ഫെബിനെ കുത്തി വീഴ്ത്തുകയായിരുന്നു. തേജസിന്‍റെ കയ്യില്‍ പെട്രോള്‍ ഉണ്ടായിരുന്നു. ഇത് വീട്ടിലേയ്ക്ക് ഒഴിക്കാനും ഇയാള്‍ ശ്രമിച്ചു.
കുത്തേറ്റ് പിടഞ്ഞ ഫെബിന്‍ പുറത്തേയ്ക്ക് ഇറങ്ങി ഓടാന്‍ ശ്രമിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഫെബിന്‍റെ അച്ഛന്‍ ചികില്‍സയിലാണ്. ഫെബിനും അമ്മയും അച്ഛനുമാണ് ഉളിയക്കോവിലിലെ വീട്ടില്‍ താമസിച്ചിരുന്നത്.രാത്രി 7 മണിയോടെയാണ് നാടിനെ ഒന്നാകെ നടുക്കിയ സംഭവം അരങ്ങേറിയത്.
കൊലപാതകത്തിന് ശേഷം തേജസ് കൊല്ലം കടപ്പാക്കടയ്ക്കു സമീപം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാര്‍ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. ഇതില്‍ നിറയെ ചോരപ്പാടുകളുണ്ട്. ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈയ്ക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.