ഇടുക്കിയിൽ നിർധന കുടുംബത്തിന്‍റെ വൈദ്യുതി കണക്ഷൻ നശിപ്പിച്ച് സിപിഎം നേതാവിന്‍റെ ഗുണ്ടായിസം. കുമളി സ്വദേശി ദണ്ഡപാണിയുടെ വീട്ടിലെ കണക്ഷനാണ് സിപിഎം പഞ്ചായത്തംഗം ജിജോ രാധാകൃഷ്ണൻ നശിപ്പിച്ചത്. ദണ്ഡപാണിയുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ കെ എസ് ഇ ബി പുനസ്ഥാപിച്ചു.
കുമളി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ 30 വർഷമായി താമസിക്കുന്ന ദണ്ഡപാണിയുടെ വീട്ടിലെത്തിയായിരുന്നു സിപിഎം പഞ്ചായത്തംഗം ജിജോ രാധാകൃഷ്ണന്റെ അതിക്രമം. പുതിയവീട്ടിൽ ഇന്നലെയാണ് കെ എസ് ഇ ബി വൈദ്യുതി കണക്ഷൻ നൽകിയത്. പിന്നാലെ രാത്രിയോടെ ജിജോ രാധാകൃഷ്ണൻ വീട്ടിലെത്തി മീറ്ററും സർവീസ് വയറും നശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ പോസ്റ്റിൽ നിന്നും കണക്ഷൻ നൽകാൻ സമ്മതിക്കില്ലെന്നയിരുന്നു ജിജോയുടെ വിശദീകരണം.
അനുനയ ശ്രമം ജിജോ അംഗീകരിക്കാതെ വന്നതോടെ ദണ്ഡപാണി പൊലീസിൽ പരാതി നൽകി. ജിജോയുടെ കയ്യിൽ നിന്നും നഷ്ടപരിഹാരം ഈടക്കിയ ശേഷമാണ് ദണ്ഡപാണിയുടെ വീട്ടിൽ വൈദ്യുതി പുനസ്ഥാപിച്ചത്. നാളെ ഇരുകൂട്ടരുമായും ചർച്ച നടത്തുമെന്നും കെ എസ് ഇ ബി അറിയിച്ചു.