ഇടുക്കി തൊടുപുഴയിൽ ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിന് ഗുരുതരപരുക്ക്. തെക്കുംഭാഗം സ്വദേശി ഫൈസൽ നാസറിനാണ് പരുക്കേറ്റത്. മർദിച്ച ലഹരി സംഘത്തെ പിടികൂടാൻ പൊലീസ് ശ്രമിക്കുന്നില്ലെന്നാണ് ഫൈസലിന്റെ അമ്മയുടെ ആരോപണം.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ അണ്ണായിക്കണ്ണത്താണ് മുൻ വൈരാഗ്യം മൂലം ലഹരി സംഘങ്ങൾ ഏറ്റുമുട്ടിയത്. അക്രമണത്തിൽ കമ്പി കൊണ്ടുള്ള അടിയേറ്റ് ഫൈസലിന് ഗുരുതര പരുക്കേറ്റു. ചികിത്സയിലുള്ള ഫൈസലിന്റെ വലതുകാലിൽ നാല് ഒടിവുകളും തലയോട്ടിയിൽ പൊട്ടലും കാഴ്ചയ്ക്ക് തകരാറുമുണ്ട്.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ തൊടുപുഴ പൊലീസ് ഏഴു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അണ്ണായിക്കണ്ണം സ്വദേശി റോബിന്റെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. എന്നാൽ ഫൈസലിനെ മർദ്ദിച്ച ലഹരി സംഘത്തിൽപ്പെട്ട മറ്റുള്ളവരെ രക്ഷപ്പെടുത്താൻ സി പി എമ്മിന്റെ ഇടപെടലുണ്ടായെന്നാണ് കോൺഗ്രസിന്റെ ആരോപണം. മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഫൈസൽ മൂന്നുപേർക്കെതിരെ മൊഴി നൽകിയിരുന്നു. ഇവർക്കായി തിരച്ചിൽ തുടങ്ങിയെന്നും ഉടൻ തന്നെ പിടികൂടുമെന്നുമാണ് പൊലീസിന്റെ വിശദീകരണം