AI generated image
കാമുകനെ ഉപേക്ഷിക്കാന്‍ വിസമ്മതിച്ച മകളെ അച്ഛന്‍ കൊന്ന് കെട്ടിത്തൂക്കിയ ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചുവെന്ന് പൊലീസ്. ആന്ധ്രപ്രദേശിലെ അനന്ത്പുറിലാണ് സംഭവം. ഗുണ്ടകല്‍ സ്വദേശിയായ രാമജനേയുലുവാണ് മകള്‍ ഭാരതി(20)യെ ക്രൂരമായി കൊലപ്പെടുത്തിയത്. മാര്‍ച്ച് ഒന്നിന് കാസപുരം ഗ്രാമത്തിലായിരുന്നു സംഭവം.
അഞ്ച് വര്‍ഷമായി ഭാരതി പ്രണയത്തിലായിരുന്നു. വിവരം ഇരുവരും വീടുകളില്‍ അറിയിച്ചതോടെ വീട്ടുകാര്‍ എതിര്‍ത്തു. കാമുകനെ ഉപേക്ഷിക്കണമെന്ന വീട്ടുകാരുടെ നിരന്തരമായ ആവശ്യം മകള്‍ തള്ളിയതാണ് പ്രകോപനം. കാമുകനെ ഉപേക്ഷിക്കേണ്ടി വന്നാല്‍ താന്‍ ജീവനൊടുക്കുമെന്ന് അമ്മയെ അറിയിച്ച ഭാരതി വീട്ടുകാരോട് സംസാരിക്കാനും തയ്യാറായില്ലെന്നും പൊലീസ് പറയുന്നു. ആന്ധ്രയിലെ കര്‍ണൂലില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു ഭാരതി. ഹൈദരാബാദില്‍ ബിരുദ വിദ്യാര്‍ഥിയാണ് ഭാരതിയുടെ കാമുകന്‍.
മകള്‍ അനുസരണക്കേട് കാട്ടിയതില്‍ കുപിതനായ പിതാവ് ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്ക് മകളെ കൂട്ടിക്കൊണ്ട് വന്ന ശേഷം വീട്ടിനടുത്തെ മരത്തില്‍ മകളെ കെട്ടിത്തൂക്കി കൊല്ലുകയും തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് മൃതദേഹം കത്തിക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി രാമജനേയുലു കീഴടങ്ങി.
രാമജനേയുലുവിന്‍റെ നാല് പെണ്‍മക്കളില്‍ ഏറ്റവും ഇളയവളാണ് ഭാരതി. മക്കളില്‍ വിദ്യാഭ്യാസം നല്‍കിയതും ഭാരതിക്ക് മാത്രമാണെന്നും പൊലീസ് പറയുന്നു. പലഹാരങ്ങളും ഭക്ഷണവുമുണ്ടാക്കി വീടുകള്‍ തോറും കയറിയിറങ്ങി വിറ്റ് കഷ്ടപ്പെട്ട് താന്‍ വളര്‍ത്തിയ മകള്‍, കുടുംബത്തിന്‍റെ പ്രതീക്ഷകളെല്ലാം തകര്‍ത്ത് പ്രണയിച്ച പുരുഷനൊപ്പം പോകുമെന്നത് സഹിക്കാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ട് കൊന്ന് കളഞ്ഞുവെന്നുമാണ് രാമജനേയുലു പൊലീസില്‍ മൊഴി നല്‍കിയത്.