കോഴിക്കോട് ഗവ. ലോ കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചതിൽ ആണ്‍ സുഹൃത്ത് അറസ്റ്റിൽ. കോവൂർ സ്വദേശി അൽഫാൻ ഇബ്രാഹീം ആണ് അറസ്റ്റിലായത്. രണ്ടാം വർഷ നിയമവിദ്യാർത്ഥിനി, തൃശൂർ പാവറട്ടി സ്വദേശി മൗസ മെഹറീസ്, കഴിഞ്ഞ 24ന് വാടകവീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു.
ആറ് മാസം മുമ്പാണ് മൗസ, അൽഫാൻ ഇബ്രാഹീമിനെ ചായക്കടയിൽ വച്ച് പരിചയപ്പെട്ടത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറി. ഇതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. അൽഫാൻ നിയന്ത്രണങ്ങൾ വയ്ക്കാൻ തുടങ്ങിയതോടെ, മൗസ പ്രണയത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. ഇതോടെ അൽഫാൻ, മൗസയെ ഹോട്ടലിൽ വെച്ച് പരസ്യമായി മർദിക്കുകയും ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. ഇതേ തുടർന്ന് ഉണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
വണ്ടി വാങ്ങി മറിച്ച് വിൽക്കുന്ന അൽഫാന്റെ പേരിൽ മഹാരാഷ്ട്ര പൊലീസിലും കേസുണ്ട്. വലിയ തുകയുടെ ഇടപാടുകൾ നടന്നതുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. വാഹനപ്രേമിയായ മൗസ്, അൽഫാന്റെ കാർ കണ്ടാണ് പരിചയപ്പെട്ടത്. വയനാട് വൈത്തിരിയിൽവെച്ചാണ് അൽഫാനെ പിടികൂടിയത്. ഇയാളുടെ മേൽ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയിട്ടുണ്ട്. വിവാഹിതനായ അൽഫാനിന് ഒരു കുട്ടിയുമുണ്ട്.