കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചതില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. കോവൂര്‍ സ്വദേശി അല്‍ഫാന്‍ ഇബ്രാഹീം ആണ് അറസ്റ്റിലായത്. രണ്ടാം വര്‍ഷ നിയമവിദ്യാര്‍ഥിനി തൃശൂര്‍ പാവറട്ടി സ്വദേശി മൗസ മെഹറീസ് കഴിഞ്ഞ 24ന് ആണ് വാടകവീട്ടില്‍ തൂങ്ങിമരിച്ചത്
ആറുമാസം മുമ്പാണ് മൗസ, അല്‍ഫാന്‍ ഇബ്രാഹീമിനെ ചായക്കടയില്‍ വെച്ച് പരിചയപ്പെട്ടത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറി. ഇതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. അല്‍ഫാന്‍ നിയന്ത്രണങ്ങള്‍ വെച്ച് തുടങ്ങിയതോടെ മൗസ പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചു. ഇതോടെ അല്‍ഫാന്‍ മൗസയെ ഹോട്ടലില്‍ വെച്ച് പരസ്യമായി മര്‍ദിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. ഇതേ തുടര്‍ന്നുള്ള മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
വണ്ടി വാങ്ങി മറിച്ചുവില്‍ക്കുന്ന അല്‍ഫാന്‍റെ പേരില്‍ മഹാരാഷ്ട്ര പൊലീസിലും കേസുണ്ട്. വന്‍ തുകയുടെ ഇടപാടുകള്‍ നടന്നതുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. വാഹനപ്രേമിയായ മൗസ അല്‍ഫാന്‍റെ കാര്‍ കണ്ടാണ് പരിചയപ്പെട്ടത്. വയനാട് വൈത്തിരിയില്‍ നിന്ന് ആണ് അല്‍ഫാനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി. വിവാഹിതനായ അല്‍ഫാന് ഒരു കുട്ടിയുമുണ്ട്.