സമീപ കാലത്ത് വിമാനയാത്രക്കാരില്‍ നിന്നും പിടികൂടുന്ന ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണ് കന്നട നടി രന്യ റാവുവുമായി ബന്ധപ്പെട്ട് ഉണ്ടായത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് 17.3 കോടി രൂപയുടെ സ്വര്‍ണമാണ് രന്യ റാവുവില്‍ നിന്നും പിടികൂടിയത്. 14 സ്വര്‍ണ ബാറുകള്‍ രന്യയുടെ ശരീരത്തില്‍ വെച്ചു കെട്ടിയ നിലയിലായിരുന്നു. ടേപ്പും ബാന്‍ഡേജും ഉപയോഗിച്ച് ഇവ തുടയില്‍ കെട്ടിവെയ്ക്കുകായിരുന്നു എന്നാണ് ഡിആര്‍ഐ വ്യക്തമാക്കുന്നത്.
ശാരീരിക പരിശോധനയ്ക്കിടെയാണ് സ്വർണം കണ്ടെത്തിയയത്. ഒരു കിലോ വീതം ഭാരമുള്ള 14 സ്വർണക്കട്ടികൾ തുടയിൽ ബാൻഡേജുകള്‍ കൊണ്ട് കെട്ടിവെച്ചു. ശേഷം ഇതിന് മുകളില്‍ പാന്റ്സ് ധരിച്ചു. ഇതിനൊപ്പം സ്വര്‍ണം കടത്താന്‍ പ്രത്യേക ജാക്കറ്റുകൾ, ബെൽറ്റ് എന്നിവയും ഉപയോഗിച്ചിരുന്നതായും വിവരുണ്ട്.
സമീപ മാസങ്ങളിൽ അഞ്ച് മുതൽ പത്ത് ദിവസം വരെയുള്ള ചെറിയ ഇടവേളകളിൽ രന്യ ദുബായിലേക്കും മലേഷ്യയിലേക്കും പതിവായി നടത്തിയ യാത്രകൾ ഡിആർഐയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ നാലു തവണയാണ് രന്യ ദുബൈയിലേക്ക് പറന്നത്. തിരിച്ചുള്ള യാത്രയില്‍ വലിയൊരു കള്ളകടത്താണ് നടി ലക്ഷ്യമിട്ടിരുന്നത്.
ഓരോ ട്രിപ്പിലും 12-13 ലക്ഷം രൂപവരെ രന്യ സമ്പാദിച്ചിരുന്നുവെന്നാണ് അനുമാനം. രാഷ്ട്രീയ നേതാക്കൾ, ബിസിനസുകാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള വലിയൊരു കള്ളക്കടത്ത് ശൃംഖലയുമായി രന്യയ്ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രന്യ പിടിയിലായതിനെ തുടര്‍ന്ന ലാവെല്ലെ റോഡിലെ അപ്പാർട്ട്മെന്റിൽ നടത്തിയ റെയ്ഡിൽ 2.1 കോടി രൂപയുടെ ഡിസൈനർ സ്വർണാഭരണങ്ങളും 2.7 കോടി രൂപ പണമായും കണ്ടെത്തി. രന്യയെ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്ത്. കോടതിയില്‍ ഹാജരാക്കിയ രന്യയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.