venjaramoodu-murder-accused-afan
  • ഒടുവില്‍ ദുരന്തവാര്‍ത്തയറിഞ്ഞ് അഫാന്‍റെ അമ്മ
  • ഇളയ മകന്‍ മരിച്ചെന്ന് അറിയിച്ച് ബന്ധുക്കള്‍
  • കൊന്നത് മൂത്ത മകനാണെന്ന് ഇനിയും അറിയിച്ചില്ല

വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് പ്രതിയായ അഫാന്‍റെ അമ്മ ഷെമീന. അഫാന്‍ ആദ്യം ആക്രമിച്ചത് അമ്മയേയിരുന്നു. ബോദം നഷ്ടമായ ഷെമീന മരിച്ചെന്നാണ് അഫാന്‍ കരുതിയത്. കൂട്ടക്കൊല കഴിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തി അഫാന്‍ വിവരം വെളിപ്പെടുത്തിയ ശേഷം വീട്ടില്‍ അന്വേഷിച്ചെത്തിയ പൊലീസാണ് ജീവന്‍റെ തുടിപ്പ് അവശേഷിച്ചിരുന്ന ഷെമീനയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഷെമീന ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും തന്‍റെ കുടുംബത്തിനുണ്ടായ ദുരന്തം അറിഞ്ഞിരുന്നില്ല. വിദേശത്തായിരുന്ന ഭര്‍ത്താവ് അബ്ദുള്‍ റഹീം തിരിച്ചെത്തിയപ്പോളും മൂത്തമകന്‍ നടത്തിയ കൂട്ടക്കൊലപാതകവിവരം മറച്ചുവെച്ചു. എന്നാല്‍ ഒടുവില്‍ ആ ദുരന്ത വാര്‍ത്ത ഷെമീന അറിഞ്ഞിരിക്കുകയാണ്.

രണ്ട് ദിവസമായി ഭര്‍ത്താവിനോടും ഡോക്ടര്‍മാരോടും മക്കള്‍ എന്താണ് തന്നെ കാണാന്‍ വരാത്തതെന്ന് ഷെമീന ചോദിക്കുന്നുണ്ടായിരുന്നു. പല കാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ഭര്‍ത്താവും ബന്ധുക്കളും ചെയ്തിരുന്നത്. എന്നാല്‍ ഇനിയും മറച്ചുവെക്കേണ്ടെന്നും ഓരോന്നായി മരണവിവരം അറിയിക്കാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതോടെയാണ് ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ഭര്‍ത്താവ് അബ്ദുള്‍ റഹീം തന്നെ വിവരം അറിയിക്കാന്‍ തീരുമാനിച്ചത്.

ഇളയ മകന്‍ അഫ്സാന്‍ മരിച്ചെന്നാണ് ആദ്യം പറഞ്ഞത്. ആത്മഹത്യയെന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മൂത്തമകന്‍ അഫാനും ആത്മഹത്യക്ക് ശ്രമിച്ചെന്നും അഫാന്‍ ഐ,സി,യുവില്‍ ചികിത്സയിലാണെന്നും പറഞ്ഞു. മറ്റ് കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാതെ ഷെമീന നിലവിളിച്ച് കരയുകയായിരുന്നു. അതോടെ സൈക്യാട്രിക് വിദ്ഗ്ധര്‍ ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരെത്തി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

ഘട്ടം ഘട്ടമായി മറ്റ് കൊലപാതകങ്ങളും അറിയിക്കാമെന്നാണ് ഡോക്ടര്‍മാരുടെ തീരുമാനം.മരണവിവരം അറിയിച്ച ശേഷമേ പൊലീസിന് ഷെമീനയുടെ വിശദമൊഴിയെടുക്കാനാവു. ഇപ്പോഴും ഷെമീന പറഞ്ഞിരിക്കുന്നത് കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റതാണെന്നാണ്. കൂട്ടക്കൊല വിവരം അറിഞ്ഞ ശേഷം ചോദ്യം ചെയ്യുമ്പോള്‍ കൊലയ്ക്ക് കാരണമായി അഫാന്‍ പറഞ്ഞത് ശരിയാണോയെന്ന് ചോദിച്ചറിയാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാങ്ങോട് പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അഫാനെ കസ്റ്റഡിയിൽ വിട്ടത്. പിതൃമാതാവായ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് കോടതിയോട് മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പും നടത്തും.

ENGLISH SUMMARY:

Shemeena, the lone survivor of the Venjaramoodu mass murder, was initially attacked by her son Afan, who assumed she was dead. When Afan confessed to the police, they discovered Shemeena still alive and rushed her to the hospital. Unaware of her family’s fate, Shemeena repeatedly asked about her children. Under medical supervision, her husband Abdul Rahim first informed her about their younger son’s death, concealing Afan’s involvement. Doctors plan to gradually reveal the full truth before police take Shemeena’s statement.