സ്വര്‍ണ്ണക്കടത്ത് കേസില്‍ കോടതിയില്‍ ഹാജരാക്കവേ അഭിഭാഷകരോട് വികാരാധീനയായി കന്നഡ നടി രന്യ റാവു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടിയെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരാക്കിയത്. അന്ന് താരം നല്ല ക്ഷീണിത ആയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇപ്പോഴിതാ, താന്‍ വളരെയധികം മാനസിക സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്ന് താരം അഭിഭാഷകരോട് പറഞ്ഞു. വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഡി.ആര്‍.ഐ. സംഘം കൊണ്ടുപോകുന്നതിന് മുമ്പ് കോടതിമുറിയില്‍ തന്‍റെ അഭിഭാഷകരുമായി സംസാരിക്കുന്നതിനിടയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്തുകൊണ്ടാണ് ഇതില്‍ അകപ്പെട്ടത് എന്ന ചിന്തയാണ് എപ്പോഴും. മനസ് ഇപ്പോഴും വിമാനത്താവളത്തിലെ ആ ദിവസത്തിലേക്ക് എന്നെ കൊണ്ടുപോകുന്നു, എനിക്ക് ശരിക്കൊന്നു ഉറങ്ങാന്‍ കഴിയുന്നില്ല. മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത് എന്നും രന്യ പറഞ്ഞു.
തന്നെ ഈ കേസില്‍ മനപൂര്‍വം കുടുക്കിയതാണെന്നും താന്‍ നിരപരാധിയാണെന്നും താരം റവന്യു ഇന്‍റലിജന്‍സ് ഡയറക്ടറേറ്റിനോട് പറഞ്ഞിരുന്നു. അതേസമയം, തന്‍റെ കൈവശം 17 സ്വര്‍ണ്ണക്കട്ടികളുണ്ടായിരുന്നതായി രന്യ സമ്മതിച്ചതായി ഡിആര്‍ഐ അറിയിച്ചു. താന്‍ ദുബായ്ക്കു പുറമേ യൂറോപ്പ്, അമേരിക്ക, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് യാത്രചെയ്തിരുന്നുവെന്നും രന്യ മൊഴി നല്‍കിയിരുന്നു.
ഇതിനിടെ സ്വര്‍ണം കടത്തിയ കേസില്‍ നടി രന്യ റാവുവിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി രന്യയെ മൂന്ന് ദിവസത്തേയ്ക്ക് ഡി.ആര്‍.ഐ.യുടെ കസ്റ്റഡിയില്‍ വിട്ടു. രന്യയുടെ ജാമ്യാപേക്ഷ മാറ്റിവെച്ച് കസ്റ്റഡിക്കായി ഡി.ആര്‍.ഐ. നല്‍കിയ അപേക്ഷ കോടതി കണക്കിലെടുക്കുകയായിരുന്നു.
കടത്തിക്കൊണ്ടുവന്ന സ്വര്‍ണം സ്വീകരിച്ചവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഡി.ആര്‍.ഐ. കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ആറു മാസത്തിനിടെ രന്യ 27 തവണ ദുബായില്‍ പോയിട്ടുണ്ടെന്നും പറഞ്ഞു. ഹര്‍ഷവര്‍ധിനി രന്യ എന്ന പേരിലുള്ള പാസ്‌പോര്‍ട്ട് ഉപയോഗിച്ചായിരുന്നു യാത്ര. താന്‍ ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണെന്നാണ് അറസ്റ്റിനുശേഷം അവര്‍ പറഞ്ഞതെന്ന് ഡി.ആര്‍.ഐ. കോടതിയില്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.