ആശുപത്രി അധികൃതർ കോമയിലാണെന്ന് പറഞ്ഞ രോഗി ഡോക്ടർമാരുടെയും നഴ്സുമാരുടെയും കണ്ണുവെട്ടിച്ച് ഐസിയുവിൽ നിന്ന് ഇറങ്ങിപ്പോയി. മധ്യപ്രദേശിലെ രത്‌ലാമിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. യുവാവ് കോമയിലാണെന്നും ചികില്‍സയ്ക്ക് ലക്ഷങ്ങള്‍ ചെലവു വരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പണം സംഘടിപ്പിക്കാന്‍ നെട്ടോട്ടം ഓടുന്നതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ച് യുവാവ് ഡോക്ടര്‍മാരുടെയും നഴ്സിന്‍റെയും കണ്ണുവെട്ടിച്ച് ഐസിയുവില്‍ നിന്ന് പുറത്തിറങ്ങിയത്. സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
നാട്ടിലുണ്ടായ സംഘർഷത്തിനിടയിൽ പരുക്കേറ്റതിനെ തുടര്‍ന്നാണ് ബന്തി നിനാമ ആശുപത്രിയിലായത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും യുവാവ് കോമയിലായെന്നുമാണ് ആശുപത്രിയില്‍ നിന്ന് ബന്ധുക്കളെ അറിയിച്ചത്. അടിയന്തരമായി ചികില്‍സ ആവശ്യമാണെന്നും ഒരു ലക്ഷം രൂപ ചെലവു വരുമെന്നും അത് ഉടന്‍ അടച്ചാല്‍ മാത്രമേ ചികില്‍സ ലഭ്യമാക്കാനാകൂ എന്നും അധികൃതര്‍ അറിയിച്ചു.
സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന കുടുംബം പണം സംഘടിപ്പിക്കാനായി നെട്ടോട്ടം ഓടുന്നതിനിടയിലാണ് ഐസിയുവിന്‍റെ പുറത്തിരുന്ന ബന്ധുക്കൾക്ക് മുന്നിലേക്ക് രോഗി ഇറങ്ങി വന്നത്. ഡോക്ടര്‍മാര്‍ വിശദീകരിച്ചതുപോലെയുള്ള യാതൊരു വിധ പ്രശ്നങ്ങളോ ലക്ഷണങ്ങളോ യുവാവിന് ഉണ്ടായിരുന്നില്ല. അഞ്ച് ആശുപത്രി ജീവനക്കാർ തന്നെ ബലമായി തടഞ്ഞുവെച്ചിരിക്കുകയായിരുന്നുവെന്നും രക്ഷപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും അവസരം ഒത്തുവന്നതോടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ചികില്‍സയുടെ പേരില്‍ വലിയ തുക തട്ടിയെടുക്കാനാണ് ആശുപത്രി ജീവനക്കാര്‍ ശ്രമിച്ചത്.
വിഡിയോ പുറത്തുവന്നതിന് പിന്നാലെ ആശുപത്രിയിൽ നടന്ന തട്ടിപ്പുകൾക്കെതിരെ വ്യാപകപ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. രോഗി വലിയ മെഡിക്കൽ തട്ടിപ്പിനാണ് ഇരയായതെന്നും ആശുപത്രിക്കെതിരെ നടപടിയുണ്ടാകണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. സർക്കാർ ആശുപത്രിയിൽ മികച്ച സൗകര്യമൊരുക്കിയാൽ സ്വകാര്യ ആശുപത്രികളുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമെന്നും കമന്‍റ് ചെയ്യുന്നവരുണ്ട്.