വെഞ്ഞാറമൂട്ടിലെ കൊലപാതക പരമ്പരയ്ക്ക് പ്രതി അഫാന്‍ തുടക്കമിട്ടത് സ്വന്തം അമ്മ ഷെമീമയെ ആക്രമിച്ചാണ്. രാവിലെ പണം ചോദിച്ചതിനെ തുടര്‍ന്നുണ്ടായ വാഗ്വാദത്തിനൊടുവില്‍ ഷെമീമയുടെ ഷാള്‍ എടുത്ത് ഭിത്തിയില്‍ തല ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു. രക്തം വാര്‍ന്നൊലിച്ച ഷമീമയെ മുറിയില്‍ പൂട്ടിയിട്ട അഫാന്‍ താക്കോല്‍ വീട്ടിലെ ശുചിമുറിയുടെ ഫ്ലഷ് ടാങ്കില്‍ ഉപേക്ഷിച്ചെന്ന് പൊലീസ്. ഇതിന് ശേഷമാണ് ബൈക്കെടുത്ത് മുത്തശ്ശി സല്‍മാ ബീവിയുടെ വീട്ടിലേക്ക് പോയത്.
മുത്തശ്ശിയുടെ വീട്ടിലെത്തിയ അഫാന്‍ മാല ചോദിച്ചു, തരില്ലെന്ന് പറഞ്ഞതോടെ സല്‍മാ ബീവിയെ കൊലപ്പെടുത്തി മാല കൈക്കലാക്കി. പിന്നാലെ മടങ്ങിയെത്തി മാല പണയം വച്ച് കുറച്ച് കടം വീട്ടി. ശേഷം പിതാവിന്‍റെ സഹോദരന്‍ ലത്തീഫിനെയും ഭാര്യയെും കൊലപ്പെടുത്തി. മൂന്ന് ക്രൂര കൊലപാതകങ്ങള്‍ക്ക് ശേഷം വെഞ്ഞാറമ്മൂട്ടിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ മുറിയില്‍ നിന്നും ഷമീമയുടെ ഞരക്കം കേട്ടു. ഇതോടെ മുറിയിലേക്ക് കയറി ഷമീമയുടെ തലയ്ക്ക് വീണ്ടും അടിച്ചു. മരിച്ചെന്ന് കരുതി വീട് പൂട്ടിയിറങ്ങിയെന്നും അഫാന്‍ മൊഴി നല്‍കി. അഫാന്‍ ഫ്ലഷ് ടാങ്കില്‍ ഉപേക്ഷിച്ച താക്കോല്‍ പൊലീസ് പേരുമലയിലെ തെളിവെടുപ്പിലാണ് കണ്ടെടുത്തത്.
അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് അഫാന്‍ ഫര്‍സാനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. ഗേറ്റ് പൂട്ടിയ താക്കോല്‍ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് മനസിലാക്കിയതോടെ മതിലിന്‍റെ താഴെ ഇഷ്ടിക അടുക്കിവച്ച് അതില്‍ ചവിട്ടി മതില്‍ ചാടിക്കടന്നാണ് ഫര്‍സാനയുമായി അകത്തേക്ക് കടന്നത്. തുടര്‍ന്ന് ഫര്‍സാനയെ വകവരുത്തുകയായിരുന്നു. പണയം വയ്ക്കാന്‍ മാല നല്‍കിയെങ്കിലും അത് തിരികെ എടുക്കാന്‍ ബുദ്ധിമുട്ടിച്ചതോടെ ഫര്‍സാനയോട് കടുത്ത പകയും വൈരാഗ്യവും ഉണ്ടായെന്നായിരുന്നു അഫാന്‍റെ മൊഴി. അഫാന് മാല നല്‍കിയെന്ന് ഫര്‍സാനയുടെ വീട്ടിലറിഞ്ഞതിന് പിന്നാലെയാണ് പണയം വച്ചത് തിരികെ വേണമെന്ന് ഫര്‍സാന നിര്‍ബന്ധം പിടിച്ചതെന്ന് പൊലീസ് പറയുന്നു.