പ്രതീകാത്മക ചിത്രം
ഗര്‍ഭിണിയെ പ്രായപൂര്‍ത്തിയാകാത്ത മകന്‍റെ കണ്‍മുന്നില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച് പൊലീസുകാരന്‍. മൊഴിയെടുക്കാനായി കൂടെ വരണം എന്നു പറഞ്ഞാണ് പൊലീസുകാരന്‍ യുവതിയെ കൂട്ടിക്കൊണ്ടു പോയത്. എന്നാല്‍ എത്തിച്ചത് പൊലീസ് സ്റ്റേഷനു പകരം ഒരു ഹോട്ടല്‍ മുറിയിലാണ്. ഇവിടെ വച്ചാണ് പീഡനമുണ്ടായത്. രാജസ്ഥാനിലാണ് സംഭവം.
യുവതിയുടെ ഭര്‍ത്താവും അയല്‍വാസിയും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഇത് പൊലീസ് കേസായി. മൊഴിയെടുക്കാന്‍ സ്റ്റേഷനില്‍ വരണമെന്ന് പറഞ്ഞാണ് പൊലീസ് കോണ്‍സ്റ്റബിള്‍ ഇവരുടെ വീട്ടിലെത്തിയത്. ആ സമയം യുവതിയും മൂന്നു വയസ്സുകാരനായ മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇപ്പോള്‍ തന്നെ കൂടെ വരണമെന്ന് പറഞ്ഞാണ് പൊലീസുകാരന്‍ യുവതിയേയും മകനേയും കൂട്ടിക്കൊണ്ടു പോയത്.
ജയ്പൂരിലെ സങ്കനേര്‍ എന്ന സ്ഥലത്തുള്ള ഒരു ഹോട്ടലിലേക്ക് ഇവരെ എത്തിച്ചു. പൊലീസുകാരനാണെന്ന് ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞ കോണ്‍സ്റ്റബിള്‍ ഉടന്‍ ഒരു മുറി ലഭ്യമാക്കണം, കൂടെയുള്ള സ്ത്രീക്ക് സുഖമില്ലെന്നും അവര്‍ക്ക് അത്യാവശ്യമായി വസ്ത്രം മാറണമെന്നും പറഞ്ഞാണ് മുറി ആവശ്യപ്പെട്ടത്. മുറിയിലെത്തിയ യുവതിയെ പൊലീസുകാരന്‍ മര്‍ദിച്ചു. ടവല്‍ കൊണ്ട് ശ്വാസംമുട്ടിച്ചു. ശേഷം മൂന്നു വയസ്സുകാരന്‍റെ മുന്നില്‍ വച്ച് പീഡിപ്പിച്ചു.
ഭര്‍ത്താവിനെ അഴിക്കുള്ളിലാക്കും എന്ന് പൊലീസുകാരന്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തി. എ.സി.പിയും ഫോറന്‍സിക് സംഘവും യുവതി പീഡനത്തിനിരയായ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി. ഇതിന്‍റെ റിപ്പോര്‍ട്ട് വന്നശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് എ.സി.പി വ്യക്തമാക്കി.