പൊലീസ് സ്റ്റേഷനുള്ളില്‍ ലഹരിപ്പാര്‍ട്ടി നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. തെലങ്കാനയിലെ മഹബുബബാദ് ജില്ലയിലാണ് സംഭവം. ഹെഡ് കോണ്‍സ്റ്റബിള്‍ രാജ റാം, കോണ്‍സ്റ്റബിള്‍ സുധാകര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പെഡവങ്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഇവര്‍.
രണ്ട് കൂട്ടുകാരെയും കൂട്ടിയാണ് പൊലീസുകാര്‍ സ്റ്റേഷനില്‍ ലഹരിപ്പാര്‍ട്ടി സംഘടിപ്പിച്ചത്. ഇതിനിടെ പരാതികളുമായെത്തിയവര്‍ പെട്ടു. നാട്ടുകാരാണ് സ്റ്റേഷനിലെ ലഹരിപ്പാര്‍ട്ടിയെ കുറിച്ച് ആദ്യം അറിഞ്ഞതും പ്രതിഷേധവുമായി രംഗത്തെത്തിയതും. വിഷയത്തില്‍ മഹബുബബാദ് എസ്.പി പൊലീസുകാരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഐ.ജി നേരിട്ട് ഇടപെട്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
2024 നവംബറില്‍ സമാന സംഭവം ചെന്നൈയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സബ് ഇന്‍സ്പെക്ടര്‍ക്കൊപ്പം സ്റ്റേഷനിലെ മറ്റ് പൊലീസുകാര്‍ മദ്യപിക്കുന്ന വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. യൂണിഫോമിലിരുന്നായിരുന്നു മദ്യപാനം. വിഡിയോ വൈറലായതോടെ എസ്.ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു.