കോഴിക്കോട് പന്നിയങ്കര റെയില്‍വേ പാളത്തില്‍ കരിങ്കല്ലുകള്‍ നിരത്തിവെച്ച ലഹരിക്കടിമയായ യുവാവ് അറസ്റ്റില്‍. കല്ലായി സ്വദേശി നിഖില്‍ ആണ് അറസ്റ്റിലായത്. മറ്റുമൂന്നുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്നലെ രാത്രി ഒമ്പതരയ്ക്കാണ് സംഭവം. വന്ദേഭാരത് കടന്നുപോയതിന് പിന്നാലെയാണ് കരിങ്കല്ലുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
അസാധാരണമായ ശബ്ദം കേട്ടെന്ന് വന്ദേഭാരത് ലോക്കോ പൈലറ്റ് കോഴിക്കോട് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്‍പിഎഫ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ കരിങ്കല്ലുകള്‍ നിരത്തിവെച്ച നിലയില്‍ കണ്ടെത്തി. ആര്‍പിഎഫിനെ കണ്ടതും സമീപത്തുണ്ടായിരുന്ന നാലുപേര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതില്‍ നിഖിലിനെ ആര്‍പിഎഫ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
മറ്റ് മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. റെയില്‍വേ ട്രാക്കിലിരുന്ന് ഇവര്‍ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി ആര്‍പിഎഫ് പറഞ്ഞു. റെയിൽവേ ട്രാക്കിൽ അതിക്രമിച്ച് കടന്നതിനും, യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയതിനുമാണ് ആർപിഎഫ് കേസെടുത്തിരിക്കുന്നത്. നിഖിലിന്റെ പേരിൽ ബേപ്പൂർ മാറാട് പൊലീസ് സ്റ്റേഷനുകളിൽ ലഹരി കേസുകളുണ്ട്.