ഹരിപ്പാട് കുമാരപുരത്ത് നിന്ന് പത്ത് വർഷം മുൻപ് കാണാതായ യുവാവിനെ കൊലപ്പെടുത്തിയെന്ന് സംശയം. പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കി. 2015 നവംബറിലാണ് കുമാരപുരം സ്വദേശി രാകേഷിനെ കാണാതായത്. മകന് എന്തു സംഭവിച്ചുവെന്നറിയാൻ കാത്തിരിക്കുകയാണ് യുവാവിന്‍റെ അമ്മ.
കാണാതാകുമ്പോൾ രാകേഷിന് 30 വയസായിരുന്നു പ്രായം. ആശാരിപ്പണിക്കാരനായിരുന്നു. അമ്മ രമയോട് സംസാരിച്ചിരുന്നതിനിടെ പുറത്തിറങ്ങിപ്പോയ രാകേഷിനെ പിന്നീട് ആരും കണ്ടിട്ടില്ല. അമ്മയുടെ പരാതിയിൽ ഹരിപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പത്ത് വർഷങ്ങൾക്കിപ്പുറവും രാകേഷിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തല്ല. കാണാതായതിന്റെ പിറ്റേ ദിവസം വീടിന് സമീപത്തെ റോഡിൽ രക്തവും മുടിയും കണ്ടെത്തിയതോടെ രാകേഷിനെ ആരോ കൊലപ്പെടുത്തിയെന്ന് കുടുംബവും നാട്ടുകാരും ആരോപിച്ചിരുന്നു. എന്നാൽ മൃതദേഹം കണ്ടെത്താനായില്ല. ദൃക്സാക്ഷികളും കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകളും ഇല്ലാത്തതിനാല്‍ അന്വേഷണം വഴി മുട്ടി.
രാകേഷിന്റെ തിരോധനം വീണ്ടും അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ചു. വീടിനടുത്ത് നിന്ന് കണ്ടെത്തിയ മുടിയും രക്തവും രാകേഷിന്റെത് തന്നെയെന്ന് ഡിഎന്‍എ പരിശോധനയിൽ തെളിഞ്ഞു. തുടർന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. കായംകുളം ഡിവൈഎസ്പിയ്ക്കാണ് അന്വേഷണചുമതല. മുൻവൈരാഗ്യ ത്തെ തുടർന്നുള്ള കൊലപാതകമാണോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.