ചാലക്കുടിയില്‍ ബവ്റിജസ് ഔട്ട്ലെറ്റില്‍ നിന്ന് അഞ്ചു ലിറ്റര്‍ വിദേശമദ്യം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ജീവനക്കാരാണ് മദ്യം മോഷ്ടിച്ചയാളെ പിടികൂടിയത്.
ചാലക്കുടി പോട്ടയിലെ ബവ്റിജസ് ഔട്ട്ലെറ്റില്‍ നിന്ന് മൂന്നു ദിവസത്തിനിടെ അഞ്ചു ലിറ്റര്‍ വിദേശമദ്യം കുറവ് കണ്ടെത്തി. വിവിധയിനം വോട്കകളുടെ കുപ്പിയാണ് കാണാതായത്. സ്റ്റോക്കില്‍ കുറവ് കണ്ടതോടെ ജീവനക്കാര്‍ സിസിടിവി പരിശോധിച്ചു തുടങ്ങി. രണ്ടു ദിവസവും മോഷണം വിജയിച്ചതോടെ കള്ളന്‍ വീണ്ടുമെത്തി.
ജീവനക്കാര്‍ സിസിടിവി നിരീക്ഷിച്ച് കള്ളനെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ബിയറും മദ്യവും മോഷ്ടിച്ചു കടത്താന്‍ ശ്രമിക്കുമ്പോള്‍ തടഞ്ഞുവച്ചു. മാള തിരുത്തിപറമ്പ് സ്വദേശി മോഹന്‍ദാസാണ് പിടിയിലായത്. മദ്യം വാങ്ങാന്‍ പണമില്ലാത്തതിനാല്‍ മോഷ്ടിച്ചെന്നാണ് പ്രതിയുടെ മൊഴി.