രാജ്യതലസ്ഥാനത്ത് കൂട്ടബലാത്സംഗത്തിനിരയായി ബ്രിട്ടീഷ് വനിത. ഡൽഹി മഹിപാൽപുരിയിലെ ഹോട്ടലിലാണ് സംഭവം. വിദേശ വനിതയുടെ പരാതിയിൽ കൈലാഷ്, ഇയാളുടെ സുഹൃത്ത് വസിം എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാൾ ഇൻസ്റ്റഗ്രാമിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് പിന്നീട് ഹോട്ടലിലേക്കു വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു എന്നാണ് കേസ്.
മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാനായി തയാറെടുത്ത ബ്രിട്ടീഷ് വനിത ഇൻസ്റ്റഗ്രാം വഴിയാണ് റീൽ ചെയ്യുന്ന കൈലാഷിനെ പരിചയപ്പെടുന്നത്. ചാറ്റിങ്ങിലൂടെ ഇരുവരും നല്ല സുഹൃത്തുക്കളായി. യു.കെയില്‍ നിന്ന് ഗോവയിലെത്തിയ യുവതി കൈലാഷിനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. എന്നാല്‍ തനിക്ക് യാത്ര ചെയ്ത് ഗോവയിലേക്ക് വരാന്‍ സാധിക്കില്ലെന്നും ഡല്‍ഹിയിലേക്ക് എത്തണമെന്നും യുവാവ് ആവശ്യപ്പെട്ടു.
തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലെത്തിയ യുവതി കൈലാഷിനെ കാണാനായി മഹിപാൽപുരിയിലെ ഹോട്ടലിൽ മുറിയെടുത്തു. പിന്നീട് കൈലാഷ് മുറിയിലേക്ക് വന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതിനും മദ്യപിച്ചതിനും പിന്നാലെ കൈലാഷ് ബലാത്സംഗത്തിന് ശ്രമിച്ചപ്പോൾ യുവതി പ്രതിരോധിച്ചു. യുവതി ബഹളം വച്ചപ്പോൾ സമാധാനിപ്പിക്കാൻ എന്ന വ്യാജേന സുഹൃത്ത് വസിമിനെ മുറിയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. മുറിയിലെത്തിയ വസിമും കൈലാഷും കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷനിൽ എത്തി യുവതി പരാതി നൽകി. കേസെടുത്ത പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി. കൂടാതെ, ബ്രിട്ടീഷ് വനിത ബലാത്സംഗത്തിനിരയായ വിവരം ബ്രിട്ടീഷ് ഹൈക്കമീഷന് കൈമാറിയിട്ടുണ്ട്.