വീട്ടിലെ ദോഷം തീർക്കാൻ പൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വിളിച്ചുവരുത്തി ഹണി ട്രാപ്പ് കവർച്ച നടത്തിയതിൽ സ്ത്രീയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീട് കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിൽ മഞ്ചേരി സ്വദേശിനിയും ഗൂഡല്ലൂരിലെ താമസക്കാരിയുമായ മൈമുന, നല്ലേപ്പിള്ളി സ്വദേശി എസ്.ശ്രീജേഷ് എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് തട്ടിപ്പിനിരയായത്.
ചൊവ്വാഴ്ച വൈകിട്ട് മൈമുനയും ഒരു യുവാവും ചേർന്ന് കൊല്ലങ്കോട്ടെ ജ്യോത്സ്യന്‍റെ വീട്ടിലെത്തി. ഭർത്താവുമായി പിണങ്ങി കഴിയുകയാണെന്നും വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നും പറഞ്ഞ് വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതനുസരിച്ച് ഇന്നലെ കൊഴിഞ്ഞാമ്പാറയിലെത്തിയ ജോത്സ്യനെ രണ്ട് യുവാക്കൾ ചേർന്ന് കല്ലാണ്ടിച്ചുള്ളയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. കൊലപാതകം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയായ പ്രതീഷിന്‍റെ വീട്ടിലേക്കായിരുന്നു ജ്യോൽസ്യനെ എത്തിച്ചത്. വീട്ടിൽ പൂജയ്ക്കുള്ള ഒരുക്കങ്ങൾക്കിടെ പ്രതീഷ് ജോത്സ്യനെ അസഭ്യം പറഞ്ഞ് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും മർദിച്ച് വിവസ്ത്രനാക്കുകയും ചെയ്തു. തുടർന്ന് നഗ്നയായി മുറിയിലെത്തിയ മൈമൂനയെ ജ്യോത്സ്യനൊപ്പം നിർത്തി ഫൊട്ടോയും വിഡിയോയും ചിത്രീകരിച്ചു. ജ്യോത്സ്യന്‍റെ കഴുത്തിലുണ്ടായിരുന്ന നാലര പവൻ വരുന്ന സ്വർണ മാലയും മൊബൈൽ ഫോണും പണവും സംഘം കൈക്കലാക്കി. ഇരുപത് ലക്ഷം രൂപ ആവശ്യപ്പെടുകയും തന്നില്ലെങ്കിൽ സമൂഹമാധ്യമങ്ങളിലും ബന്ധുക്കൾക്കും നഗ്ന ചിത്രങ്ങൾ അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി.
രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേരാണ് വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. ഇവർ പുറത്തുപോയ തക്കത്തിന് പുറകുവശത്തെ വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ജോത്സ്യൻ കൊഴിഞ്ഞാമ്പാറ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അടിപിടി കേസിലെ പ്രതിയുടെ ടവർ ലൊക്കേഷൻ തിരഞ്ഞ് ചിറ്റൂർ പൊലീസ് എത്തിയ സമയത്താണ് ഹണി ട്രാപ്പ് സംഘം ചിതറി ഓടിയതെന്നും ഈ തക്കത്തിലാണ് ജ്യോൽസ്യന് രക്ഷപ്പെടാൻ കഴിഞ്ഞതെന്നും പൊലീസ് കരുതുന്നു. ഹണി ട്രാപ്പ് ആസൂത്രണത്തിൽ ഉൾപ്പെടെ പങ്കാളികളായ മറ്റുള്ളവരെയും കണ്ടെത്താൻ അന്വേഷണം വിപുലമാക്കിയതായി ചിറ്റൂർ ഡിവൈഎസ്പി അറിയിച്ചു.