ഒഡീഷയിൽ നിന്ന് കൊച്ചിയിലേക്ക് കടത്തിയ 22 കിലോ കഞ്ചാവുമായി നാലുപേർ പൊലീസിന്‍റെ പിടിയിൽ. ട്രെയിനിൽ എത്തിച്ച കഞ്ചാവ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ഡാൻസാഫ് സംഘം പ്രതികളെ പിന്തുടര്‍ന്നാണ് പിടികൂടിയത്. കൊച്ചിയിലെ ലഹരി മാഫിയ സംഘത്തിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് മൊഴി.
മുനിഗുഡ സ്വദേശികളായ മിഥുൻ പാണി, അശോക് കുമാർ ബിറ, ചിന്താമണി സിങ്, കനേരാജ് ബീബർ എന്നിവരാണ് ഡാന്‍സാഫിന്‍റെ പിടിയിലായത്. ഒഡീഷയില്‍ നിന്ന് ട്രോളി ബാഗുകളില്‍ ഒളിപ്പിച്ച കഞ്ചാവുമായി നാലംഗ സംഘം കൊച്ചിയില്‍ പുലര്‍ച്ചെ ട്രെയിനിറങ്ങി. റെയില്‍വെ സ്റ്റേഷനിലെത്തിയ സംഘം മറ്റൊരു വാഹനത്തില്‍ കഞ്ചാവടങ്ങിയ പെട്ടികളുമായി രഹസ്യകേന്ദ്രത്തിലേക്ക് നീങ്ങി. വിവരം ലഭിച്ച ഡാന്‍സാഫ് സംഘം നാല് പേരെയും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
നാല് ട്രോളി ബാഗുകളിലായാണ് പ്രതികള്‍ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒരു മാസത്തിനിടെ സംഘത്തിന്‍റെ കേരളത്തിലേക്കുള്ള നാലാമത്തെ വരവെന്നാണ് പൊലീസ് മനസിലാക്കുന്നത്. കൊച്ചിയില്‍ നിന്ന് ലഭിച്ച ഓര്‍ഡര്‍ പ്രകാരമാണ് ഒഡീഷക്കാരായ യുവാക്കള്‍ കഞ്ചാവ് എത്തിച്ചത്. കിലോയ്ക്ക് രണ്ടായിരം രൂപയ്ക്ക് ഒഡീഷയില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് കേരളത്തില്‍ വില്‍ക്കുന്നത് അന്‍പതിരട്ടിവരെ വിലകൂട്ടി. അഞ്ച് ഗ്രാമിന്‍റെ ചെറുപൊതികള്‍ക്ക് ഈടാക്കുന്നത് അഞ്ഞൂറു രൂപ വീതം.
കേരളത്തിലെ ലഹരിമാഫിയ സംഘങ്ങള്‍ ഒഡീഷയിലെ യുവാക്കളെ ഉപയോഗിച്ചാണ് നിലവില്‍ ലഹരിക്കടത്ത്. മുന്‍പ് ഇവിടെ നിന്ന് ഒഡീഷയില്‍ പോയി കഞ്ചാവ് വാങ്ങിവരുന്നതായിരുന്നു രീതി. ലഹരിയിടപാടുകള്‍ക്കായി മാത്രം കേരളത്തിലെത്തുന്ന ഒഡീഷക്കാരായ യുവാക്കളുടെ എണ്ണവും വര്‍ധിക്കുകയാണ്. ലഹരിവ്യാപനം തടയാൻ കൊച്ചി നഗരത്തില്‍ കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരം ഡാൻസാഫ് സംഘങ്ങളുടെ നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.