കൊച്ചി കളമശേരി പോളി ടെക്നിക് ഹോസ്റ്റലില്‍ നടത്തിയ പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത് വലിയ പൊതി കഞ്ചാവാണ്. വലിയ പൊതികളില്‍ സൂക്ഷിച്ച കഞ്ചാവ് ഹോസ്റ്റലിലെ മുറിയിലെ അലമാരയില്‍നിന്നാണ് കണ്ടെടുത്തത്. ഇതിനൊപ്പം ത്രാസും പൊലീസ് കണ്ടെത്തി. കഞ്ചാവ് വിതരണ കേന്ദ്രമായി ഹോസ്റ്റല്‍ റൂം മാറിയ കാഴ്ചയാണ് പൊലീസ് പരിശോധനയില്‍ കണ്ടത്.
Also Read: ഹോസ്റ്റലോ കഞ്ചാവ് കേന്ദ്രമോ? കളമശേരി പോളിടെക്നിക്കില്‍നിന്ന് കണ്ടെടുത്തത് 2 കിലോ കഞ്ചാവ്
കളമശേരി എസിപിയുടെ നേതൃത്വത്തില്‍ പൊലീസും ഡാന്‍സാഫ് സംഘവും ഇന്നലെ രാത്രി 9.30 ഓടെ ഹോസ്റ്റലിലെത്തി. 10.30 ഓടെ പരിശോധന ആരംഭിച്ചു. പുലര്‍ച്ചെ മൂന്ന് മണിവരെ നീണ്ട പരിശോധനയില്‍ പെരിയാര്‍ ഹോസ്റ്റലിന്‍റെ രണ്ട് മുറികളില്‍ നിന്ന് രണ്ട് പാക്കറ്റിലായി കണ്ടെടുത്തത് 1.909 കിലോ കഞ്ചാവ്.
ഇതിനൊപ്പം അളന്ന് തൂക്കുന്ന ത്രാസ്, മദ്യ കുപ്പികള്‍, സിഗരറ്റ്, കോണ്ടം എന്നിവയാണ് വിദ്യാര്‍ഥികളുടെ മേശയില്‍ നിന്നും അലമാരയില്‍ നിന്നുമായി പൊലീസിന് ലഭിച്ചത്. ഹോളി അഘോഷത്തിനായി എത്തിയ കഞ്ചാവാണെന്നാണ് ലഭിക്കുന്ന വിവരം.
ഇവ ചെറിയ പൊതികളാക്കി വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. ഹോസ്റ്റലില്‍ പൊലീസ് എത്തിയ സമയം ചില രാഷ്ട്രീയ നേതാക്കള്‍ പരിശോധനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.