കളമശേരി ഹോസ്റ്റലില്‍ കഞ്ചാവെത്തിച്ച പൂര്‍വവിദ്യാര്‍ഥി ആഷിക് പൊലീസ് പിടിയില്‍. ആഷിക്കിനെ പൊലീസ് ചോദ്യംചെയ്യുന്നു. ആഷിക് പതിവായി വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചിരുന്നുവെന്നാണ് വിവരം. ഹോസ്റ്റലിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ആഷിക്. ആഷിക് കഞ്ചാവ് ആകാശിന് കൈമാറിയത് വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ്. കോളജിൽ നിന്ന് ഡ്രോപ്പൗട്ടാണ് ആഷിക്ക്.
ആകാശിനൊപ്പം താമസിച്ചിരുന്ന കെ.എസ്.യു പ്രവർത്തകരായ ആദിൽ, അനന്തു എന്നിവരിൽ നിന്ന് മൊഴിയെടുത്തു. ലഹരിയിടപാടിൽ ഇരുവർക്കും പങ്കിലെന്ന നിഗമനത്തിലാണ് പൊലീസ്. കഞ്ചവെത്തിക്കുമ്പോളും പൊലീസ് എത്തുമ്പോളും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് ഇരുവരുടെയും മൊഴി.
എസ്.എഫ്.ഐ നേതാവും, കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ അഭിരാജിന്റെ റൂമിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തതിന്റെ പേരിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നെന്ന് എസ്.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറി ടി.ആര്‍ അർജുൻ. അഭിരാജ് റൂമിൽ ഇല്ലാത്ത നേരത്താണ് കണ്ടെടുത്തത്. അഭിരാജ് ലഹരി ഉപയോഗിക്കില്ലെന്ന് അധ്യാപകരടക്കം പറയുന്നു. കെ.എസ്.യു നേതാവിന്‍റെ റൂമിൽ നിന്ന് വലിയ തോതിൽ കഞ്ചാവ് കണ്ടെടുത്തിട്ടും അക്കാര്യത്തിൽ എല്ലാവരും മൗനം പാലിക്കുകയാണന്നും അർജുൻ മനോരമ ന്യൂസിനോട് പറഞ്ഞു.
കാമ്പസുകളിൽ കഞ്ചാവ് ഉപയോഗിക്കുന്നവർക്കും, വിൽപന നടത്തുന്നവർക്കും എതിരെ മുഖം നോക്കാതെ നടപടി എടുക്കണമെന്ന് ഹൈബി ഈഡൻ എം.പി. കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൻ നിന്ന് വലിയ തോതിൽ കഞ്ചാവ് കണ്ടെത്തിയത് ഗൗരവമേറിയ കാര്യമാണ്. കഞ്ചാവ് എത്തിയതിൻ്റെ ഉറവിടം കണ്ടെത്തണം. നിയമനടപടികൾക്ക് താനടക്കമുള്ള ജനപ്രതിനിധികളുടെ പൂർണ പിന്തുണയെന്നും ഹൈബി മനോരമ ന്യൂസിനോട് പറഞ്ഞു.