മത്സരാധിഷ്ഠിത ലോകത്ത് മക്കള്‍ക്ക് അതിജീവിക്കാന്‍ സാധിക്കില്ലെന്ന് ഭയന്ന് ആറും ഏഴും വയസുള്ള ആണ്‍ മക്കളെ പിതാവ് കൊലപ്പെടുത്തി. യുകെജി, ഒന്നാം ക്ലാസ് വിദ്യാര്‍ഥികളായ നിഖില്‍ (6), ജ്യോതിഷ് (7) എന്നിവരാണ് കൊല്ലപ്പെട്ടത്. പിതാവ് 31 കാരനായ വി. ചന്ദ്ര കിഷോര്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കാക്കിനാഡ പട്ടണത്തിലെ രാമനയ്യപേട്ടില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.
പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയില്‍ അസിസ്റ്റന്‍റാണ് ചന്ദ്ര കിഷോര്‍. രണ്ട് ആൺമക്കളുടെയും കൈകാലുകൾ കെട്ടിയിട്ട് രണ്ട് ബക്കറ്റ് വെള്ളത്തിൽ മുക്കിയായിരുന്നു കൊലപാതകം. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമാണെങ്കിലും മക്കളുടെ ഭാവി ഓര്‍ത്താണ് കൊലപാതകമെന്ന് ആത്മഹത്യ കുറിപ്പില്‍ സൂചനയുണ്ട്. മത്സരാധിഷ്ഠിതമായ ലോകത്ത് നിലയുറപ്പിക്കാൻ മക്കള്‍ ബുദ്ധിമുട്ടുമെന്നതിനാലാണ് കൊലപാതകം നടത്തിയത്.
2017 ലാണ് കിഷോറും തനൂജ സായ് റാണിയും വിവാഹിതരാകുന്നത്. ഇവരുടെ രണ്ട് ആണ്‍മക്കളും സമീപത്തെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥികളാണ്. പഠിത്തത്തില്‍ അല്‍പം പിന്നോട്ടായിരുന്നു ഇരുവരും. അതിനാല്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ മികച്ച സ്കൂളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ രക്ഷിതാക്കള്‍ നടത്തിയിരുന്നു.
വെള്ളിയാഴ്ച, ഹോളി ദിവസം ആഘോഷങ്ങള്‍ക്കായി കിഷോര്‍ കുടുംബ സമേതം ഓഫീസിലേക്ക് പോയിരുന്നു. ആഘോഷങ്ങള്‍ക്കിടെ മക്കള്‍ക്ക് പുതിയ സ്കൂള്‍ യൂണിഫോം തയ്പ്പിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് കുട്ടികളെ കൂട്ടി ഓഫീസില്‍ നിന്നും മടങ്ങുകയായിരുന്നു. മൂവരെയും കാണാത്തതിനെ തുടര്‍ന്ന് തനൂജ ഫോണില്‍ വിളിച്ചെങ്കിലും കിഷോറിനെ ലഭിച്ചില്ല. 10 മിനിറ്റിനകം എത്താമെന്ന് മെസേജ് പിന്നീട് ലഭിച്ചു.
പിന്നീട് സഹപ്രവര്‍ത്തകര്‍ വീട്ടിലേത്തിയപ്പോഴേക്കും വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് മക്കളെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ബക്കറ്റില്‍ വെള്ളം നിറച്ച് കുട്ടികളെ മുക്കുകയായിരുന്നു. കിഷോറിനെ മറ്റൊരു മുറിയില്‍ സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ ആണ് കണ്ടെത്തിയത്.