വെഞ്ഞാറമൂട് കേസിലെ പ്രതി അഫാനും കൊല്ലപ്പെട്ട ഫര്‍സാനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് അഫാന്‍റെ പിതാവ് റഹീം. ഒരു ബന്ധു പറഞ്ഞാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയുന്നത്. ഭാര്യയോട് ചോദിച്ചപ്പോള്‍ ഒപ്പം പഠിച്ച പെണ്‍കുട്ടിയാണെന്ന് പറഞ്ഞു. പിന്നീട് അഫാനോട് നേരിട്ട് ചോദിച്ചു. ഉമ്മ വെറുതെ പറയുന്നതാണെന്നായിരുന്നു മറുപടി. 'സംഭവം ഉള്ളതാണെന്ന് എനിക്ക് അറിയാം. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ മനസില്‍ വയ്ക്ക്. ഒരു 27 വയസാകട്ടെ, ജോലിയൊക്കെ ആയ ശേഷം നമുക്ക് നോക്കാം. എനിക്ക് പ്രശ്നമൊന്നുമില്ല' എന്നാണ് താന്‍ മകനോട് പറഞ്ഞതെന്ന് റഹീം ഓര്‍ത്തെടുത്തു.
ഫര്‍സാനയുടെ ഫൊട്ടോ താന്‍ അഫാനോട് ചോദിച്ചിരുന്നുവെന്നും എന്നാല്‍ തരാന്‍ അഫാന്‍ കൂട്ടാക്കിയില്ലെന്നും റഹീം വെളിപ്പെടുത്തി. ഇളയ മകനായ അഹ്സാനാണ് ഫര്‍സാനയുടെ ചിത്രം അയച്ച് തന്നത്. അങ്ങനെ ഫര്‍സാനയെ കണ്ടിട്ടുണ്ടെന്നും റഹീം പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ പോയി കാണണമെന്നുണ്ട്. അവരോട് മാപ്പിരന്ന് രമ്യതയിലെത്തണമെന്നുണ്ട്. തന്‍റെ മകന്‍ കാരണമാണ് അവര്‍ക്ക് സ്വന്തം മകളെ നഷ്ടമായത്. വീട്ടുകാരുടെ പ്രതികരണം ഭയന്നാണ് അവിടേക്ക് പോകാത്തതെന്നും റഹീം മനോരമന്യൂസിനോട് വെളിപ്പെടുത്തി.
അതേസമയം, അഫാനെ തനിക്കിനി കാണ്ടേണ്ടെന്നും അത്രയധികം നഷ്ടമാണ് മകന്‍ തനിക്ക് വരുത്തിവച്ചതെന്നും റഹീം പറയുന്നു. തട്ടത്തുമലയിലെ ബന്ധുവില്‍ നിന്നും അഞ്ച് ലക്ഷം രൂപ അഫാനും ഉമ്മ ഷെമിയും ചേര്‍ന്ന് പലിശയ്ക്കെടുത്തിരുന്നു. ഈ വകയില്‍ അഞ്ചര ലക്ഷം രൂപയോളം മടക്കി അടച്ചു. പലിശ വൈകിയാല്‍ ഇവര്‍ വീട്ടിലേക്ക് വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് മനസിലാക്കുന്നതെന്ന് റഹീം വിശദീകരിച്ചു. തട്ടത്തുമലയിലെ രണ്ടുബന്ധുക്കളെ കൊല്ലാന്‍ താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അഫാന്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.