നാട് വിട്ട യുവതിയെയും യുവാവിനെയും തിരഞ്ഞെത്തിയ സംഘത്തിന്‍റെ ആക്രമണത്തിനിടെ കുഴഞ്ഞുവീണ തോട്ടക്കാരന്‍ മരിച്ചു. പാലക്കാട് മീനാക്ഷിപുരം ഗോപാലപുരം സ്വദേശി ജ്ഞാനശക്തിവേലാണ് മരിച്ചത്. പൊള്ളാച്ചി സ്വദേശികളായ നാലംഗ സംഘം രാത്രിയിൽ തോട്ടത്തിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു.
രാത്രിയിൽ തോട്ടത്തിന്റെ മതിൽ ചാടിക്കടന്നാണ് യുവതിയുടെ ബന്ധുക്കളായ നാലംഗ സംഘം ജ്ഞാനശക്തി വേൽ താമസിക്കുന്ന വീടിന് മുന്നിലെത്തിയത്. യുവതിയും യുവാവും വീട്ടിൽ ഇല്ലെന്ന് വ്യക്തമാക്കിയെങ്കിലും അക്രമികൾ പിന്മാറിയില്ല. കമ്പും, തെങ്ങോലയുടെ പട്ടയും കൊണ്ടുള്ള മർദനത്തിന് പിന്നാലെ ഞ്ജാനശക്തി വേൽ നിലത്ത് വീഴുകയായിരുന്നു.
ആക്രമിച്ചവർ അവരുടെ വാഹനത്തിൽ ഞ്ജാനശക്തി വേലിനെ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ജ്ഞാനശക്തി വേലിന്റെ ഭാര്യ ഉമാ മഹേശ്വരിയുടെ ബന്ധുവായ യുവാവിനൊപ്പം നാടുവിട്ട പെൺകുട്ടിയെ അന്വേഷിച്ചാണ് തമിഴ്നാട്ടിലെ ബന്ധുക്കൾ മീനാക്ഷിപുരത്ത് എത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പിടികൂടാനുള്ള ശ്രമം തുടരുന്നതായും മീനാക്ഷിപുരം പൊലീസ് അറിയിച്ചു. മരണകാരണം സംബന്ധിച്ച വ്യക്തതയ്ക്കായി പോസ്റ്റ് മോർട്ടം റിപ്പോർട്ട് പ്രതീക്ഷിക്കുകയാണെന്നും പൊലീസ്.