കോഴിക്കോട് കടലുണ്ടിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം. മോഷണശേഷം പ്രതികള്‍ ട്രെയിനില്‍ കയറി രക്ഷപെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണിത്. വടക്കുമ്പാട്ട് സ്വദേശി ഉമ്മര്‍ കോയയുടെ വീട്ടില്‍ നിന്നാണ് രണ്ടു ദിവസം മുന്‍പ് 20 പവനും ഒന്നേകാല്‍ ലക്ഷം രൂപയും മോഷണം പോയത്.
തെളിവുകളൊന്നും അവശേഷിപ്പിക്കാതെയായിരുന്നു കവര്‍ച്ച. വീടിന്‍റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് പ്രതികള്‍ അകത്ത് കടന്നിരിക്കുന്നത്. റെയില്‍വേ പാതയ്ക്ക് അടുത്തുള്ള വീടായതിനാല്‍ പ്രതികള്‍ കവര്‍ച്ചയ്ക്കുശേഷം റെയില്‍വേ ട്രാക്കിലൂടെ നടന്ന് കടലുണ്ടിയിലോ ഫറോക്കിലോ എത്തി ട്രെയിനില്‍ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം.
പൊലീസ് നായ മണം പിടിക്കാതിരിക്കാന്‍ പ്രതികള്‍ വീടിനുള്ളില്‍ മുളകുപൊടി വിതറിയിരുന്നു. വിരലടയാളം ലഭിക്കാതിരിക്കാന്‍ മുളകുപൊടി പാത്രം കൊണ്ടുപോവുകയും ചെയ്തു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിലൊന്നും പ്രതികളിലേക്കെത്തുന്ന സൂചനകളുമില്ല. അതിനാല്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള സിസിടിവി പരിശോധിച്ച് വരുകയാണ്. പ്രതികള്‍ മോഷണം നടന്ന വീടിന് അകലെ വാഹനം നിര്‍ത്തി നടന്നുവന്നതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഒന്നരവര്‍ഷം മുന്‍പും വടക്കുമ്പാട് സമാന രീതിയില്‍ മൂന്നു വീടുകളില്‍ കവര്‍ച്ച നടന്നിരുന്നു.