അറസ്റ്റിലായ പൂജാരി ഹരിപുത്ര. ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തില്‍ നിന്നുള്ള ചിത്രം.
ക്ഷേത്രം ജീവനക്കാരന്‍റെ തലയില്‍ ആസിഡ് ഒഴിച്ച സംഭവത്തില്‍ രണ്ട് പുരോഹിതര്‍ അറസ്റ്റില്‍. ഹൈദരാബാദിലെ സൈദാബാദിലുള്ള ശ്രീ ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ അക്കൗണ്ടന്‍റായ അറുപതുകാരനാണ് അതിക്രമത്തിന് ഇരയായത്. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറില്‍ വച്ചാണ് ഗോപി എന്ന ചിന്തല നർസിങ് റാവു ആക്രമിക്കപ്പെട്ടത്.
മാര്‍ച്ച് 14നായിരുന്നു കേസിനാസ്പദമായ സംഭവം. വഴിപാട് കൗണ്ടറിനു മുന്നില്‍ മാസ്ക് ധരിച്ച് ഒരു അജ്ഞാതന്‍ എത്തി. ക്ഷേത്രത്തിലെ അന്നദാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഗോപിയോട് ചോദിച്ചറിഞ്ഞു. ശേഷം അന്നദാന കൂപ്പണ്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് കൂപ്പണ്‍ എടുക്കുന്നതിനിടെ ഗോപിയുടെ തലയിലേക്ക് മാസ്കുധാരി ആസിഡ് ഒഴിക്കുകയായിരുന്നു. ഹാപ്പി ഹോളി എന്നുപറഞ്ഞുകൊണ്ടാണ് ഇയാള്‍ ഗോപിയുടെ തലയില്‍ ആസിഡ് ഒഴിച്ചതെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കി.
തലയോട്ടി, മുഖം, കണ്ണുകള്‍, കഴുത്ത് എന്നിവിടങ്ങളിലെല്ലാം ഗോപിക്ക് ഗുരുതരമായി പൊള്ളലേറ്റുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പട്ടീല്‍ കാന്തിലാല്‍ സുഭാഷ് അറിയിച്ചു. നിലവില്‍ ഗോപി ചികിത്സയിലാണ്. കൊലപാതകക്കുറ്റം ചുമത്തിയാണ് ഗോപിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്.
ആറ് സംഘങ്ങളായി തിരിഞ്ഞ് 400 ഓളം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണം എത്തിനിന്നത് രണ്ട് പൂജാരിമാരിലാണ്. മേദക് ജില്ലയിലെ സദാശിവ്‌പേട്ട സ്വദേശി റായ്കോട് ഹരിപുത്ര (31), സൈദാബാദ് സ്വദേശി അരിപിരള രാജശേഖർ ശർമ (41) എന്നീ പൂജാരിമാര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി.
രാജശേഖർ ശർമ ഹരിപുത്രയ്ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്നാണ് വിവരം. രാജശേഖർ ശർമയ്ക്ക് അക്കൗണ്ടന്റിനോടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് 2,000 രൂപയാണ് ഹരിപുത്രക്ക് ഇയാൾ പ്രതിഫലം നിശ്ചയിച്ചത്. 1,000 രൂപ മുൻകൂർ നൽകുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.