ഹോളി ആഘോഷം അതിരുവിട്ടു. ബെംഗളുരുവില്‍ മൂന്നു പേരെ തല്ലിക്കൊന്നു. സര്‍ജാപുരയിലെ ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ ലേബര്‍ ക്യാംപിലെ ആഘോഷമാണു പരസ്പരമുള്ള പോരിലും കൊലപാതകത്തിലും കലാശിച്ചത്.
സര്‍ജാപുരയിലെ പൂര്‍വ ഫോര്‍ വാള്‍സ് അവന്യു അപ്പാര്‍ട്ട്മെന്റിലെ ഹോളിയാഘോഷം സമാപിച്ചതു മൂന്നുപേരുടെ ജീവനെടുത്താണ്. നിര്‍മാണം നടക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ തന്നെയാണു തൊഴിലാളികള്‍ താമസിച്ചിരുന്നത്. പ്ലംബിങ് ജോലികള്‍ ചെയ്യുന്ന ബീഹാര്‍ സ്വദേശികള്‍ കെട്ടിടത്തില്‍ പാര്‍ട്ടി സംഘടിപ്പിച്ചു. ഇതില്‍ സമീപത്തെ മറ്റു കെട്ടിട നിര്‍മാണ സൈറ്റുകളിലെ തൊഴിലാളികളുമെത്തിയിരുന്നു.
ആഘോഷത്തിനിടെ സംഘത്തിലെ ഒരാള്‍ക്ക് മറ്റൊരു തൊഴിലാളിയുടെ സഹോദരിയുടെ ഫോണ്‍ വന്നു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കം മരത്തടിയും ഇരുമ്പ് കമ്പികളുമായുള്ള ഏറ്റുമുട്ടലിലേക്കെത്തുകയായിരുന്നു. ബീഹാര്‍ സ്വദേശികളായ അന്‍സു, രാധേശ്യാം, ദീപു എന്നിവരാണു കൊല്ലപ്പെട്ടത്. പൊലീസെത്തിയതോടെ അടികൂടിയവര്‍ ഓടിരക്ഷപ്പെട്ടു. ഒരാള്‍ അറസ്റ്റിലായി. പരുക്കേറ്റ മറ്റൊരു തൊഴിലാളി ചികിത്സയിലാണ്.