ഇടുക്കി മറയൂരിൽ മദ്യലഹരിയിൽ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി. ചെറുവാട് സ്വദേശി ജഗനാണ് മരിച്ചത്. സഹോദരൻ അരുണിനെ മറയൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് 7.45 ഓടെ മദ്യപിച്ചെത്തിയ ജഗൻ മാതൃ സഹോദരിയെ വാക്കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പിടിച്ചു മാറ്റാൻ ശ്രമിച്ച അരുണും ജഗനുമായി പിന്നീട് തർക്കമുണ്ടായി. തർക്കത്തിനിടെ വാക്കത്തി ഉപയോഗിച്ച് അരുൺ ജഗനെ വെട്ടുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇയാളെ മറയൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദിവാസി വിഭാഗത്തിൽപ്പെട്ട ജഗനും അരുണും തമ്മിൽ നേരത്തെ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേതുടർന്ന് ജഗൻ ഇന്ദിരാ നഗർ കോളനിയിലേക്ക് താമസം മാറ്റി. ഇതിനിടെയാണ് ഇന്ന് വൈകിട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ജഗന് വെട്ടേൽക്കുകയും ചെയ്തത്. അരുണിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ജഗന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.