Image: Meta AI
ഇന്‍സ്റ്റഗ്രാം റീല്‍ ചിത്രീകരിക്കുന്നതിനായി നടുറോഡില്‍ 'കൊലപാതക'രംഗമുണ്ടാക്കി പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവമുണ്ടായത്. ഹനുമ്നബാദ് റിങ് റോഡില്‍ മൂര്‍ച്ചയേറിയ ആയുധത്തിന് സമാനമായ വസ്തുവും ചുവപ്പ് ദ്രാവകവും ഉപയോഗിച്ചാണ് സച്ചിന്‍, സായ്ബന്ന എന്നിവര്‍ ആളുകളെ പരിഭ്രാന്തിയിലാക്കിയത്.
സച്ചിനെ നടുറോഡില്‍ മലര്‍ത്തിക്കിടത്തി മുകളില്‍ കയറിയിരുന്ന സായ്ബന്ന, മൂര്‍ച്ചേറിയ കത്തി കൊണ്ട് ആഞ്ഞുകുത്തുന്നതായി അഭിനയിക്കുകയായിരുന്നു.ഒപ്പം നിലത്ത് കയ്യിലിരുന്ന ദ്രാവകം ഒഴിച്ച് രക്തമാണെന്ന പ്രതീതിയും ഉണ്ടാക്കി. രണ്ടുപേരും മുഖത്ത് ചുവന്ന ദ്രാവകം തേച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. അതിവേഗമാണ് സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഭയന്നുപോയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് ഇന്‍സ്റ്റ റീല്‍ ചിത്രീകരണമായിരുന്നുവെന്ന് യുവാക്കള്‍ വെളിപ്പെടുത്തിയത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.