kalamassery-drug-bust-bengal-mafia-arrest

TOPICS COVERED

കളമശേരി പോളിടെക്നിക്കിലെ ലഹരിവേട്ടക്കേസില്‍ ഇതരസംസ്ഥാന ലഹരിമാഫിയ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍.പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്ത രണ്ട് ബംഗാളുകാരെയാണ് ആലുവയില്‍ നിന്ന് കളമശേരി പൊലീസ് പിടികൂടിയത്. പിടിയിലായ രണ്ട് പേരും ആലുവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയ സംഘത്തിലെ മുഖ്യകണ്ണികളാണ്. 

പെരിയാര്‍ ഹോസ്റ്റലിലെ റെയ്ഡ് നടന്ന് ഒരാഴ്ച പിന്നിടും മുന്‍പേ ലഹരിമരുന്നിന്‍റെ ഉറവിടത്തിലേക്ക് കളമശേരി പൊലീസ് അന്വേഷണം എത്തിച്ചു.ബംഗാളുകാരായ സൊഹൈല്‍ ഷെയ്ക്, അഹിന്ത മണ്ടല്‍ എന്നിവരാണ് പിടിയിലായത്. ഇവരാണ് പോളിടെക്നിക്കിലെ പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖ്, ശാലിഖ് എന്നിവര്‍ക്ക് കഞ്ചാവ് നല്‍കിയത്.

ഹോളിയുടെ തലേദിവസം മുന്‍പേ നല്‍കിയ ഓര്‍ഡര്‍ പ്രകാരം സൊഹൈലും അഹിന്തും കഞ്ചാവ് കൈമാറി. ഇതരസംസ്ഥാനക്കാരില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ആദ്യം പിടിയിലായ ആകാശ് മൊഴി നല്‍കിയിരുന്നു. ആഷിഖും ഷാലിഖും പിടിയിലായതോടെ ഇവരെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചു. എന്നാല്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത് മുങ്ങിയ പ്രതികള്‍ക്കായി ആലുവയിലും പരിസരങ്ങളിലും കളമശേരി പൊലീസ് പലതവണ തിരച്ചില്‍ നടത്തി. ലഹരിമാഫിയ സംഘത്തിന്‍റെ സഹായത്തോടെ കണ്ണുവെട്ടിച്ച് നടന്ന പ്രതികളെ കളമശേരി പൊലീസ് രാത്രി തന്ത്രപരമായി പിടികൂടി.

ജില്ലയിലെ വിവിധ സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപിലേക്കും കഞ്ചാവ് വിതരണം ചെയ്യുന്നുണ്ടെന്നാണ് പിടിയിലായവരുടെ മൊഴി. ബംഗാള്‍ ഒഡീഷ എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്നും വിവരം നല്‍കി. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണവും ഊര്‍ജിതമാണ്. കേസില്‍ ഇതോടെ പിടിയിലായവരുടെ എണ്ണം എട്ടായി. 

ENGLISH SUMMARY:

Two members of an inter-state drug mafia were arrested in connection with the drug bust at Kalamassery Polytechnic. The accused, both from Bengal, were caught in Aluva for supplying cannabis to former students. They are key operatives of a drug network operating in the region.