സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ലഹരിമരുന്ന് വേട്ടയും ലഹരിമരുന്ന് ഉപയോഗിച്ചുള്ള ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തു. കൊല്ലം ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി ചെയ്തതിന് മനീഷും അഖിൽകുമാറും അറസ്റ്റിലായി. 38 കഞ്ചാവ് ചെടികളും 10.5 കിലോ കഞ്ചാവും കണ്ടെടുത്തു. കൊല്ലം അഞ്ചലിൽ എംഡിഎംഎയുമായി തഴമേൽ സ്വദേശി ബിനോ രാജീവ് പിടിയിലായി. 760 മില്ലി ഗ്രാം എംഡിഎംഎ കണ്ടെടുത്തു. 20 ഗ്രാം എംഡിഎംഎയുമായി നെയ്യാറ്റിൻകരയിൽ രണ്ട് യുവാക്കൾ പിടിയിലായി. പാറശാല സ്വദേശി സൽമാൻ, വള്ളക്കടവ് സ്വദേശി സിദ്ധിക്ക് എന്നിവരാണ് പിടിയിലായത്.
കണ്ണൂര്‍ എടൂരില്‍ മീന്‍കടിയില്‍ കഞ്ചാവ് വില്‍പന. കടയുടമ ഉളിയില്‍ സ്വദേശി ആച്ചി എന്ന എ.കെ ഷഹീറിനെ ആറളം പൊലീസ് പിടികൂടി. വില്‍പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 70 ഗ്രാം കഞ്ചാവാണ് കടയില്‍ നിന്ന് കണ്ടെത്തിയത്. കഞ്ചാവിന്‍റെ അളവ് കുറവായതിനാല്‍ പ്രതിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. 15 കിലോ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സ്ത്രീകൾ കസ്റ്റംസിന്റെ പിടിയിൽ. ബാങ്കോങിൽ നിന്ന് കൊച്ചിയിലെത്തിക്കവേയാണ് പിടിയിലായത്.
മലപ്പുറം അരീക്കോട് കിണറടപ്പിൽ ലഹരിമരുന്ന് ഉപയോഗിച്ച യുവാവ് പൊലീസ് ജീപ്പിന്റെ ചില്ല് ചവിട്ടി തകർത്തു. കിണറടപ്പ് സ്വദേശി നിയാസാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ആക്രമണം നടത്തിയത്. യുവാവ് പ്രദേശത്ത് ലഹരിമരുന്ന് ഉപയോഗിച്ച ശേഷം കത്തി കാണിച്ച് നാട്ടുകാരെ ഭയപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ അരീക്കോട് പൊലീസിൻ്റെ ജീപ്പിന് മുകളിൽ കയറി മുൻവശത്തെ ചില്ല് ചവിട്ടി തകർക്കുകയായിരുന്നു. രാത്രിയാണ് ആക്രമണം നടന്നത്.
കോഴിക്കോട് താമരശേരിയില്‍ മെത്താംഫെറ്റമിനും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. 636 മില്ലി ഗ്രാം മെത്താംഫെറ്റമിനുമായി പുതുപ്പാടി സ്വദേശി റമീസും 84 ഗ്രാം കഞ്ചാവുമായി ആഷിഫും പിടിയിലായി. പുതുപ്പാടി, മണവയല്‍, ചേലോട് ഭാഗങ്ങളിലെ എക്സൈസ് റെയ്ഡിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
കളമശ്ശേരി പോളിടെക്നിക്കിലെ ലഹരിവേട്ടക്കേസിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകിയ ബംഗാൾ സ്വദേശികളായ സൊഹൈൽ ഷെയ്ക്, അഹിന്ത മണ്ഡൽ എന്നിവരെ ആലുവയിൽ നിന്ന് കളമശ്ശേരി പൊലീസ് പിടികൂടി. ഇവർ ആലുവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ കണ്ണികളാണ്. ബംഗാളിൽ നിന്ന് ട്രെയിനിൽ കഞ്ചവെത്തിച്ച് വിൽപന നടത്തുകയാണ് ഇവരുടെ രീതി.