കേരളത്തില്‍ കേന്ദ്രീകരിച്ച ഇതരസംസ്ഥാന ലഹരിമാഫിയ സംഘങ്ങള്‍ കഞ്ചാവും ബ്രൗണ്‍ഷുഗറും വിട്ട് രാസലഹരി കച്ചവടത്തിലേക്ക് ചുവടുമാറ്റുന്നു. ആവശ്യക്കാര്‍ വര്‍ധിച്ചതിന് പുറമെ ലാഭവും ഇരട്ടിയായതോടെയാണ് കളംമാറ്റം.ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിലടക്കം പരിശോധന കര്‍ശനമാക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.എം. മജു മനോരമ ന്യൂസിനോട് പറഞ്ഞു.
ലഹരിക്കച്ചവടത്തിലെ മാറുന്ന ട്രെന്‍ഡിന്‍റെ സൂചന നല്‍കിയത് ഇന്നലെ എക്സൈസിന്‍റെ പിടിയിലായ അസംകാരന്‍ യാസിര്‍ അറാഫത്ത്. കഞ്ചാവോ ബ്രൗണ്‍ഷുഗറോ പ്രതീക്ഷിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് എംഡിഎംഎ. അതും രണ്ട് പൊതികളിലായി പതിനാല് ഗ്രാം.
കളമറിഞ്ഞ് കാര്‍ഡിറക്കും പോലെ മാര്‍ക്കറ്ററിഞ്ഞ് കച്ചവടത്തിനിറങ്ങിയതാണ് യാസിര്‍. നാല് വര്‍ഷമായി കൊച്ചിയില്‍ ലഹരികച്ചവടം നടത്തുന്ന യാസിറിന്‍റെ ഇടപാടുകാരിലേറെയും ആവശ്യപ്പെടുന്നത് രാസലഹരി. ഇതോടെ ചെന്നൈയില്‍ നിന്ന് എംഡിഎംഎ ശേഖരിച്ച് വില്‍പന ആരംഭിച്ചുവെന്ന് മൊഴി. ട്രെന്‍ഡ് മാറുമ്പോള്‍ എക്സൈസ് കൂടുതല്‍ ജാഗ്രതയിലാണ്.
പരിശോധനകള്‍ ഊര്‍ജിതമാക്കിയതോടെ കേസുകളുടെ എണ്ണവും കുതിച്ചുയര്‍ന്നു. ഈ വര്‍ഷം ഇതുവരെ എക്സൈസ് കൊച്ചിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് രണ്ടായിരം കേസുകള്‍. പിടികൂടിയത് 240 കിലോ കഞ്ചാവും 200 ഗ്രാം എംഡിഎംഎയും. എന്‍ഡിപിഎസ് കേസുകളില്‍ 282 പേര്‍ പിടിയിലായപ്പോള്‍ അബ്കാരി കേസില്‍ 355 പേരും കുടുങ്ങി. ലഹരിമരുന്നിന്‍റെ ഉറവിടമത്രയും കേരളത്തിന്‍റെ പുറത്തെന്നും ഉറപ്പിക്കുന്ന എക്സൈസ്.
എക്സൈസ് ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റിന്‍റെ ഭാഗമായി പന്ത്രണ്ട് ദിവസത്തിനിടെ ജില്ലയില്‍ നടത്തിയത് 557 റെയ്ഡുകളാണ്. ഈ വര്‍ഷം ഇതുവരെ 3161 റെയ്ഡുകള്‍. ഫൈനായും തൊണ്ടിയായും സര്‍ക്കാരിന്‍റെ ഖജനാവിലേക്കെത്തിയത് ആറ് ലക്ഷത്തിലേറെ രൂപയാണ്.