മൂവാറ്റുപുഴയിൽ കാര്‍ വാടകയ്ക്കെടുത്ത് ലഹരി വില്‍പന നടത്തിയിരുന്ന സംഘത്തിലെ മുഖ്യ കണ്ണികള്‍ എക്സൈസിന്‍റെ പിടിയില്‍. സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കടക്കം ലഹരിമരുനെത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. മറ്റൊരു ലഹരിവിതരണക്കാരന്‍റെ വീട്ടില്‍ നിന്ന് കഠാരയും ലഹരിമരുന്നും പിടികൂടി.
മൂവാറ്റുപുഴയില്‍ സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് രാസലഹരി വിതരണം ചെയ്തിരുന്ന സംഘത്തിലെ മുഖ്യകണ്ണികളെ ഈ മാസം ആദ്യം എക്സൈസ് പിടികൂടിയിരുന്നു. പേഴക്കാപ്പിള്ളി സ്വദേശികളായ ജാഫര്‍, നിസാര്‍, അന്‍സാര്‍ എന്നിവരാണ് അന്ന് കുടുങ്ങിയത്. പുത്തന്‍ കാറില്‍ ബെംഗളൂരുവില്‍ നിന്ന് കടത്തിയ നാല്‍പത് ഗ്രാം എംഡിഎംഎയും പിടികൂടി. ഇവരുടെ മൊബൈലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ മറ്റ് രണ്ട് പേരും കുടുങ്ങിയത്. പുന്നോപടി പുതുപ്പറമ്പിൽ ഷാലിം,പേഴക്കാപ്പിള്ളി വേളകൂട്ടിൽ അജാസ് എന്നിവരെ കാര്‍ സഹിതമാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പിടിയിലാകുമ്പോള്‍ ഇരുവരുടെയും കയ്യിലുണ്ടായിരുന്നത് കഞ്ചാവും എംഡിഎംഎയും.
കടാതി ആനിക്കാവിള കോളനിയിലെ താമസക്കാരനായ ശ്യാമിന്‍റെ വീട്ടില്‍ നിന്നാണ് കഠാരയും 105 ഗ്രാം കഞ്ചാവും പിടികൂടിയത്. എക്സൈസ് എത്തുന്നത് കണ്ട് ശ്യാം ഓടി രക്ഷപ്പെട്ടു. എംഡിഎംഎ ഉപയോഗിക്കാനുള്ള ഗ്ലാസ് ട്യൂബുകളടക്കം ശ്യാമിന്‍റെ വീട്ടിലുണ്ടായിരുന്നു. ലഹരിക്കേസുകളില്‍ നേരത്തെയും പിടിയിലായിട്ടുള്ള ആളാണ് ശ്യാം. മുവാറ്റുപുഴ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ സംഘത്തിന്‍റെ മുഖ്യകണ്ണികളെയാണ് ഒരുമാസത്തിനിടെ എക്സൈസ് വലയിലാക്കിയത്.