മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയ മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. 29 കാരനായ സൗരഭ് രാജ്പുത്താണ് മരിച്ചത്. ഭാര്യ മുസ്കാന്‍ റസ്തോഗിയും കാമുകന്‍ സാഹില്‍ ശുക്ല എന്ന മോഹിതിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മീററ്റിലെ ബ്രഹ്മപുരി മേഖലയിലാണ് സംഭവം.
മാര്‍ച്ച് നാലിനാണ് മുസ്കാനും സാഹിലും ചേര്‍ന്ന് സൗരഭിനെ കൊല്ലുന്നത്. ശേഷം മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിലാക്കി സിമന്‍റ് തേച്ച് അടയ്ക്കുകയായിരുന്നു. സൗരഭിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ 14 ദിവസത്തിന് ശേഷം വാടക വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
2016 ലാണ് സൗരഭ് രാജ്പുത്തും മുസ്‌കാൻ റസ്‌തോഗിയും വിവാഹിതരാകുന്നത്. പ്രണയവിവാഹമായതിനാല്‍ ഇരു വീട്ടുകാര്‍ക്കും ബന്ധത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. ഭാര്യയ്ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സൗരഭ് മര്‍ച്ചന്‍റ് നേവിയിലെ ജോലിയും ഉപേക്ഷിച്ചു. ഇതോടെ ഇരുവരും മീററ്റില്‍ വാടക വീട്ടിടെടുത്ത് താമസം മാറുകയായിരുന്നു.
2019 ല്‍ ദമ്പതികള്‍ക്ക് മകള്‍ ജനിക്കുന്നത്. അതിനിടെയാണ് തന്‍റെ സുഹൃത്തായ സാഹിലുമായി മുസ്കാന് ബന്ധമുണ്ടെന്ന് സൗരഭ് അറിഞ്ഞു. ഇതോടെ വിവാഹ ബന്ധം പിരിയാന്‍ തീരുമാനിച്ചെങ്കിലും മകളുടെ ഭാവി ഓര്‍ത്ത് സൗരഭ് പിന്മാറി. പിന്നീട് മര്‍ച്ചന്‍റ് നേവിയിലെ ജോലി ലഭിച്ചതോടെ 2023 ലാണ് സൗരഭ് ലണ്ടനിലേക്ക് പോയത്.
ലണ്ടനില്‍ ജോലി ചെയ്തിരുന്ന സൗരഭ് മകളുടെ പിറന്നാളിനായി ഫെബ്രുവരി 24 നാണ് നാട്ടിലെത്തിയത്. ഈ ഇടവേളയില്‍ സുഹൈലും മുസ്കാനും കൂടുതല്‍ അടുത്തു. ഇതോടെ ഇരുവരും സൗരഭിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് നാലിന് സൗരഭിന്‍റെ ഭക്ഷണത്തില്‍ മുസ്കാന്‍ ഉറക്കഗുളിക ചേര്‍ത്തു. ഉറക്കത്തിനിടെ കത്തി ഉപയോഗിച്ച് കുത്തി കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം 15 കഷണങ്ങളാക്കിയാണ് ഉപേക്ഷിച്ചത്.
സൗരഭിനെ കൊലപ്പെടുത്തിയ ശേഷം ജീവിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനും മുസ്കാന്‍ ശ്രമിച്ചു. സൗരഭിന്റെ ഫോണുമായി സാഹിലിനൊപ്പം ഉത്തരാഖണ്ഡിലെ കൗസാനിയിലേക്ക് പോയ മുസ്കാന്‍ ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ സൗരഭിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സൗരഭിന്‍റെ ഫോണില്‍ നിന്നും കുടുംബത്തിന് മേസേജ് അയച്ചാണ് സംശയം ഒഴിവാക്കിയത്.
എന്നാല്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടും സൗരഭ് കോളുകൾ എടുക്കാതിരുന്നതോടെയാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മുസ്കാനെയും സാഹിലനെയും കസ്റ്റഡിയിലെടുത്തതോടെ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഡ്രമമ്മില്‍ താഴ്ത്തി സിമന്‍റ് ഉപയോഗിച്ച് മൂടുകായയിരുന്നു എന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. കാണാതായി 14 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. ഇരുവരെയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.