സ്വകാര്യ ജുവലറിയിൽ നിന്ന് 55 പവന്റെ സ്വർണവും 15 കിലോ വെള്ളിയും മോഷ്ടിച്ച യുവാക്കൾ പിടിയിൽ. നാഗർകോവിൽ അഞ്ചുഗ്രാമത്തിലെ സ്വകാര്യ ജുവലറിയിലാണ് കവർച്ച നടന്നത്. അഴകപുരം, തേപ്പകുളം സ്വദേശി അശോക് (24), പുന്നർക്കുളം സ്വദേശി അജിത് (29), വാരിയൂർ, വട്ടക്കോട്ട സ്വദേശി സുരേഷ് (23) എന്നിവരാണ് അറസ്റ്റിലായത്.
മീനാക്ഷിപുരം സ്വദേശി സുബ്രഹ്മണ്യന്റെ കടയിൽ കഴിഞ്ഞ 17-ാം തീയതിയാണ് മോഷണം നടന്നത്. രാവിലെ കടയിലെത്തിയപ്പോൾ ഷട്ടർ തകർത്ത നിലയിലായിരുന്നുവെന്ന് സുബ്രഹ്മണ്യൻ പൊലീസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കടയിൽ നിന്ന് 55 പവന്റെ സ്വർണവും 15 കിലോ വെള്ളിയും മോഷണം പോയതായി ബോധ്യമായത്.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 5 പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. നഷ്ടപ്പെട്ട സ്വർണവും വെള്ളിയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. പ്രതികളെ സിസി.ടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടാൻ കഴിഞ്ഞത്. പൊലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ അജിത്തിന്റെ കൈയ്യും കാലും ഒടിഞ്ഞതായി പൊലീസ് പറയുന്നു. പ്രതികളെ റിമാൻഡിലാണ്.