ചീട്ടുകളിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനുപിന്നാലെ അസംകാരനായ യുവാവിനെ മറ്റൊരു അസംകാരന്‍ മദ്യലഹരിയില്‍ ഗുഡ്സ് ഓട്ടോ ഇടിപ്പിച്ച് കൊലപ്പെടുത്തി. മലപ്പുറം കൊണ്ടോട്ടിക്കടുത്ത് കീഴ്ശേരിയിലാണ് കൊലപാതകം. അസം ജുരൈപൂരിൽ നിന്നുള്ള അഹദുൽ ഇസ്ലാമാണ് മരിച്ചത്. പ്രതി ഗുൽജാർ ഹുസൈൻ അറസ്റ്റിലായി.
ചീട്ടുകളിയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിനിടെ അഹദുൽ ഇസ്ലാം - ഗുൽജാർ ഹുസൈനെ മർദിക്കുകയായിരുന്നു. മർദ്ദനത്തിൽ പരുക്കേറ്റ ഗുൽജാറിന്‍റെ യാത്രക്ക് തടസം സൃഷ്ടിച്ച് മുന്നിൽ നിന്ന അഹദുൽ ഇസ്ലാമിനെ ഗുഡ്സ് ഓട്ടോറിക്ഷകൊണ്ട് ഇടിച്ചിടുകയായിരുന്നു. ഗുഡ്സ് ഓട്ടോറിക്ഷ പിന്നോട്ടെടുത്ത ശേഷം പ്രതി വീണ്ടും വീണ്ടും ഇടിപ്പിച്ചു. തലയ്ക്ക് പിന്നിൽ സാരമായി പരുക്കേറ്റ അഹദുൽ ഇസ്ലാമിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടിച്ചിട്ട ശേഷം ഗുഡ്സ് ഓട്ടോറിക്ഷയുമായി അരീക്കോട് ഭാഗത്തേക്ക് രക്ഷപ്പെട്ട ഗുൽജാർ ഹുസൈനെ വാവൂരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വാഹനം ഇടിപ്പിച്ചതിന് ദൃക്സാക്ഷികളുള്ളത് അന്വേഷണം സഹായകമായി.