മദ്യപിച്ച് ലക്കുകെട്ട് ഔദ്യോഗിക വാഹനത്തില്‍ അപകടയാത്ര നടത്തിയ ഡിവൈഎസ്പിക്ക് സസ്പെന്‍ഷന്‍. ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈഎസ്പി വി. അനില്‍കുമാറിനെതിരെയാണ് നിയമലംഘന യാത്ര നടത്തി ഒന്നര മാസത്തിന് ശേഷം നടപടി. മനോരമ ന്യൂസാണ് പൊലീസ് ഉന്നതന്‍റെ നിയമലംഘനം ദൃശ്യങ്ങള്‍ സഹിതം പുറത്തുകൊണ്ടുവന്നത്. പി.വി.അന്‍വറിന് രഹസ്യം ചോര്‍ത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെയും സസ്പെന്‍ഡ് ചെയ്തു.
കൊച്ചിയിലെ കുമ്പളം ടോള്‍ പ്ളാസ മുതല്‍ അരൂര്‍ വരെ–ഡിവൈഎസ്പിയുടെ നിയമലംഘനയാത്ര നീണ്ടത് കിലോമീറ്ററുകളായിരുന്നു. മദ്യപിച്ച് ലക്കുകെട്ടുള്ള യാത്രയില്‍ വണ്ടിയില്‍ നിന്ന് പുക ഉയരുന്നതും വഴിയില്‍ കിടക്കുന്നതും വരെയുള്ള അഭ്യാസങ്ങള്‍ വേറെയും.
അപകടയാത്ര അതേപടി മനോരമ ന്യൂസ് പകര്‍ത്തിയതോടെയാണ് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയിലെ ഡിവൈഎസ്പി വി.അനില്‍കുമാര്‍ പെട്ടത്. എഡിജിപി മനോജ് ഏബ്രഹാം നല്‍കിയ റിപ്പോര്‍ട്ടില്‍ മദ്യപിച്ചുള്ള യാത്ര, ഔദ്യോഗിക വാഹനത്തിന്‍റെ ദുരുപയോഗം, മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ അക്കമിട്ട് നിരത്തി. എന്നിട്ടും നടപടിയെടുക്കാതെ ഒന്നര മാസം സംരക്ഷിച്ച ശേഷമാണ് സസ്പെന്‍ഷന്‍. തുടര്‍ അന്വേഷണത്തിനും ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ ചില രഹസ്യ പൊലീസ് റിപ്പോര്‍ട്ടുകള്‍ പി.വി.അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇത് ചോര്‍ത്തിയത് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന എം.ഐ.ഷാജിയെന്ന് ഡിജിപിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. അതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍