Picture Credit: NDTV
കാമുകനൊപ്പം ചേര്‍ന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി ബൈക്കില്‍ വച്ച് സഞ്ചരിച്ച് ഭാര്യ. മൃതദേഹം കാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിക്കാനായി യുവതിയും യുവാവും ചേര്‍ന്ന് ബൈക്കില്‍ പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തെളിവ് നശിപ്പിക്കാനായി മൃതദേഹം പൂര്‍ണമായും കത്തിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ്. ജയ്പൂരിലാണ് സംഭവം.
ധന്നലാല്‍ സൈനി എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ ഗോപാലി ദേവിക്ക് ദീന്‍ദയാല്‍ കുശ്‌വഹ എന്ന യുവാവുമായി അഞ്ചു വര്‍ഷത്തോളമായി അടുപ്പമുണ്ടെന്ന് ധന്നലാല്‍ കണ്ടെത്തി. ഇത് ചോദ്യം ചെയ്തതിനാണ് കൊല. പച്ചക്കറി വില്‍പ്പനക്കാരനായിരുന്നു ധന്നലാല്‍. ഒരു ഫാക്ടറിയില്‍ ജോലി ലഭിച്ചു എന്നുപറഞ്ഞ് ഗോപാലി ദേവി വീട്ടില്‍ നിന്ന് പോകുമായിരുന്നു. എന്നാല്‍ ഭാര്യയുടെ നീക്കങ്ങളില്‍ സംശയം തോന്നി ധന്നലാല്‍ ഭാര്യയെ പിന്തുടര്‍ന്നു. ഗോപാലി ദേവി പോയതാകട്ടെ ദീന്‍ദയാല്‍ ജോലി ചെയ്യുന്ന തുണിക്കടയിലേക്കായിരുന്നു.
ഇവിടെയെത്തിയ ധന്നലാല്‍ ഭാര്യയോട് ഇവിടെ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് ചോദിച്ച് ബഹളമുണ്ടാക്കി. പിന്നാലെ ഗോപാലി ദേവിയും ദീന്‍ദയാലും ഇയാളെ തുണിക്കടയുടെ മുകളിലെ നിലയിലുള്ള മറ്റൊരു കടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് ഇരുമ്പ് വടികൊണ്ട് ദീന്‍ദയാല്‍ ധന്നലാലിന്‍റെ തലയടിച്ചു പൊട്ടിച്ചു. കയറുകൊണ്ട് കഴുത്തില്‍ കുരുക്കിട്ട് മുറുക്കി. സംഭവസ്ഥലത്ത് തന്നെ ധന്നലാല്‍ മരണപ്പെട്ടിരിക്കാം എന്നാണ് സൗത്ത് ജയ്പൂര്‍ ഡിസിപി മാധ്യമങ്ങളോട് പറഞ്ഞത്.
മരണം ഉറപ്പാക്കിയ ശേഷം പ്രതികള്‍ ധന്നലാലിന്‍റെ മൃതദേഹം ഒരു ചാക്കിലാക്കി. ദീന്‍ദയാലിന്‍റെ ബൈക്കില്‍ ഇരുവരും മൃതദേഹവുമായി ആളൊഴിഞ്ഞ പ്രദേശത്തേക്ക് പോയി. റിങ് റോഡിന് സമീപത്തുവച്ച് ഇവര്‍ മൃതദേഹം കത്തിച്ചു. പക്ഷേ ഒരു കാര്‍ ആ വഴി വരുന്നത് കണ്ട് ഇരുവരും ഓടിമാറി. പാതി കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം പൊലീസ് കണ്ടെടുത്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നിലവില്‍ പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണെന്ന് പൊലീസ് വ്യക്തമാക്കി.