ഭാര്യയുടെ സഹോദരിയെ വിവാഹം കഴിക്കാനായി ഭാര്യയെ കൊന്ന് യുവാവ്. മക്കളുണ്ടാകുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഭാര്യയെ ഒഴിവാക്കാനുള്ള ഭര്‍ത്താവിന്‍റെ ശ്രമം എത്തിനിന്നത് കൊലപാതകത്തിലാണ്. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ സ്വദേശി അങ്കിത് കുമാറാണ് സുഹൃത്തിന്‍റ സഹായത്തോടെ ഭാര്യ കിരണിനെ(30) ആസൂത്രിതമായി കൊലപ്പെടുത്തിയത് . കാറിടിച്ച് കൊല ചെയ്ത ശേഷം അപകടമരണമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് പറയുന്നു.
മാര്‍ച്ച് 8നാണ് കിരണ്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കാറിടിച്ച് ഗുരുതരാവസ്ഥയിലായ കിരണ്‍ ആശുപത്രിയില്‍ ചികില്‍സയിലരിക്കെയാണ് മരിച്ചത് അങ്കിത് തന്നെയാണ് അപകടവിവരം പൊലീസിനെഅറിയിച്ചത്. ഭാര്യയെ അവളുടെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു വരുമ്പോഴായിരുന്നു അപകടം. ബൈക്കില്‍ വരുന്ന വഴി പെട്രോള്‍ അടിക്കാനായി ഭാര്യയെ റോഡരികില്‍ ഇറക്കിയപ്പോള്‍ ഒരു കാര്‍ വന്നിടിച്ചെന്നാണ് അങ്കിത് പൊലീസിനെ അറിയിച്ചത്.
കേസന്വേഷിച്ച പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തു. പിന്നാലെയാണ് അങ്കിതും കൂട്ടുകാരന്‍ സച്ചിന്‍ കുമാറും പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാര്‍ ഓടിച്ചത് സച്ചിന്‍ തന്നെയാണെന്ന് കണ്ടെത്തി. സച്ചിനും അങ്കിതും കൂട്ടുകാരാണെന്ന് മനസ്സിലാക്കിയ പൊലീസ് അന്വേഷണം ഇരുവരിലേക്കും തിരിച്ചു.
ചോദ്യം ചെയ്യലിനിടെ അങ്കിത് കുറ്റം സമ്മതിക്കുകയായിരുന്നു. അഞ്ചു വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. ഇതുവരെ കുട്ടികളായില്ല. അതുകൊണ്ട് ഭാര്യയുടെ അനിയത്തിയെ വിവാഹം കഴിക്കാം എന്ന മോഹമുദിച്ചു. ഭാര്യയുടെ അനിയത്തിയോട് ഇക്കാര്യം നേരിട്ട് ചോദിച്ചു. പക്ഷേ ചേച്ചിയെ വിവാഹം കഴിച്ചതുകൊണ്ട് അത് നടക്കില്ലെന്ന് അവള്‍ പറഞ്ഞു. ഇതോടെയാണ് കിരണെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത് എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.