വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി നവവധു. ഉത്തര്‍പ്രദേശിലെ ഒറയ്യ ജില്ലയിലാണ് ഇരുപത്തിരണ്ടുകാരി പ്രഗതി യാദവ് ഭര്‍ത്താവ് ദിലീപിനെ ക്വട്ടേഷന്‍ സംഘത്തിന്‍റെ സഹായത്തോടെ കൊലപ്പെടുത്തിയത്. കാമുകനുമായി ചേര്‍ന്നാണ് യുവതി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രഗതി യാദവും കാമുകന്‍ അനുരാഗ് യാദവും പൊലീസ് പിടിയിലായി. നാല് വര്‍ഷത്തോളമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ ഇവരുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പ്രഗതിയെ നിര്‍ബന്ധിച്ചാണ് വിവാഹം കഴിപ്പിച്ചത്.
മാര്‍ച്ച് അഞ്ചിനായിരുന്നു പ്രഗതിയും ദിലീപും വിവാഹിതരായത്. മാര്‍ച്ച് 19നാണ് വെടിയേറ്റ നിലയില്‍ ദിലീപിനെ വീടിനടുത്തുള്ള പാടത്ത് കണ്ടെത്തിയത്. ഉടന്‍ സമീപത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച ദിലീപിനെ പ്രഥമശുശ്രൂഷകള്‍ക്ക് ശേഷം മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള സൈഫി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ വിദഗ്ധ ചികില്‍സയ്ക്കായി പിന്നീട് ഒറയ്യയിലെ മറ്റൊരു ആശുപത്രിയില്‍ പ്രവശിപ്പിച്ചെങ്കിലും മാര്‍ച്ച് 20ന് ദിലീപ് മരിച്ചു.
ദിലീപിന്‍റെ സഹോദരന്‍റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണം എത്തിനിന്നത് പ്രഗതിയിലാണ്. വിവാഹം കഴിഞ്ഞതോടെ പ്രഗതിക്കും അനുരാഗിനും പരസ്പരം നേരിട്ട് കാണാനുള്ള സാഹചര്യങ്ങള്‍ ലഭിച്ചില്ല. ഇതോടെയാണ് ദിലീപിനെ കൊല്ലാന്‍ ഇവര്‍ തീരുമാനിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. രാമാജി ചൗധരി എന്ന വാടക കൊലയാളിക്ക് ഇവര്‍ ക്വട്ടേഷന്‍ നല്‍കി. രണ്ടു ലക്ഷം രൂപയാണ് കൊലപാതകത്തിന് പ്രതിഫലമായി രാമാജിക്ക് നല്‍കിയത്.
ബൈക്കിലെത്തിയ രാമാജിയും സംഘവും ദിലീപിനെ വീടിന് സമീപത്തുള്ള പാടത്ത് എത്തിച്ച് ക്രൂരമായി മര്‍ദിച്ചശേഷം വെടിവയ്ക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികെ തിരിച്ചറിയാന്‍ സഹായിച്ചത്. രണ്ട് തോക്കുകള്‍, നാല് വെടിയുണ്ടകള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, പഴ്സ്, ആധാര്‍ കാര്‍ഡ്, മൂവായിരം രൂപ എന്നിവയും സംഭവസ്ഥലത്തു നിന്ന് പൊലീസിന് ലഭിച്ചു. കൊല നടത്തിയവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.