പ്രണയിക്കുന്ന ഒരാളെ എങ്ങനെയാണ് കൊല്ലാന്‍ കഴിയുക, ഒന്നു വേദനിപ്പിക്കാന്‍ പോലും കഴിയാത്തവരുണ്ടാകും. അവിടെയാണ് പ്രണയിച്ച് വിവാഹം കഴിച്ച ശേഷം ഈങ്ങാപ്പുഴയിലെ ഷിബിലെയെ യാസിര്‍ കുത്തി കൊന്നത്.
കോഴിക്കോട് ഈങ്ങാപ്പുഴയിലെ യാസിറുമായുള്ള വിവാഹം ഷിബിലയുടെ കുടുംബത്തിന് ഇഷ്ടമുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ യാസിറിന്‍റെ ലഹരി ഉപയോഗിച്ച ശേഷമുള്ള അതിക്രമങ്ങള്‍ ആദ്യമൊന്നും വീട്ടില്‍ പറഞ്ഞില്ല, ഉപദ്രവം തുടര്‍ന്നപ്പോഴാണ് സ്വന്തം വീട്ടിലേക്ക് എത്തിയത്. അവിടെയും യാസിര്‍ സമാധാനം നല്‍കിയില്ല. നിരന്തരം വീട്ടിലെത്തി ഭീഷണി, കൊലവിളി അതു തുടര്‍ന്നു കൊണ്ടേയിരുന്നു.
അതിനിടെ സ്വന്തം അമ്മയെ വെട്ടികൊന്ന പുതുപ്പാടിയിലെ ആഷിഖ് യാസിറിന്‍റെ സുഹ്യത്താണെന്ന് ഷിബില അറിഞ്ഞു. ആ അമ്മയുടെ അവസ്ഥ തനിക്കും ഉണ്ടാകുമെന്നു ഭയന്നു ഷിബില. താമരശേരി പൊലീസിനെ അങ്ങനെയാണ് സമീപിക്കുന്നത്, ഫലം ഉണ്ടായില്ല. യാസിര്‍ താമസിക്കുന്നയിടത്ത് നിന്ന് ഷിബിലയുടെയും കുഞ്ഞിന്‍റെയും വസ്ത്രങ്ങള്‍ തിരികെ വാങ്ങി നല്‍കുന്നതില്‍ പോലും പൊലീസ് ഇടപെട്ടില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നത്. പൊലീസിനെ സമീപിച്ചതിലുള്ള പക യാസിര്‍ തീര്‍ത്തത് ആ വസ്ത്രങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചുകൊണ്ടാണ്, ചൊവ്വാഴ്ച രാത്രി 7 മണിയോടെ ഷിബില ഭയന്നതു പോലെ സംഭവിച്ചു. വീട്ടു പരിസരത്ത് ആളൊഴിഞ്ഞത് ഉറപ്പാക്കി ഭക്ഷണം കഴിക്കുകയായിരുന്ന ഷിബിലയുടെ കഴുത്തിന് കുത്തി കൊന്നു, ജീവന്‍ പോകുന്ന അവസാന നിമിഷം ജീവിത പങ്കാളിയായി തിരഞ്ഞെടുത്തവന്‍ തന്‍റെ ജീവിതം അവസാനിപ്പിച്ചുവല്ലോ എന്നാകും ആ പെണ്‍കുട്ടി ചിന്തിച്ചിട്ടുണ്ടാവുക.
3 വയസുള്ള മകളുടെ മുന്നില്‍ ഷിബിലയെ കൊന്നതിനുള്ള കാരണമായി യാസിര്‍ പറഞ്ഞത്, കൂടെ ചെല്ലാത്തതിലുള്ള വൈരാഗ്യം എന്നായിരുന്നു. സ്നേഹം ആയിരുന്നില്ല യാസിറിന്, ഷിബിലയോട്. അയാളുടെ അനാവശ്യ ചെയ്തികളെ എതിര്‍ത്തതിലുള്ള വൈരാഗ്യം മാത്രമായിരുന്നു. പക്ഷേ വീട്ടുകാരുടെ എതിര്‍പ്പുപോലും മറികടന്ന് ഷിബില യാസിറിനെ സ്നേഹിച്ചിട്ടുണ്ട്. അതിന് അയാള്‍ തിരിച്ചു നല്‍കിയത് മരണമാണ്, ശരീരത്തില്‍ 11 മുറിവുകളാണ്.
ലഹരി കീഴടക്കുന്ന നമ്മുടെ ലോകത്തില്‍ ഇനിയും യാസിര്‍മാരുണ്ടാകാം, പക്ഷേ ഇരയായി ഒരു ഷിബില ഉണ്ടാവാന്‍ സമൂഹം അനുവദിക്കരുത്. കക്കാട് പള്ളി ഖബർസ്ഥാനിൽ ഷിബിലയെ ഖബറടക്കുമ്പോള്‍ 3 വയസുകാരി മകള്‍ കരഞ്ഞതു പോലെ ഒരു കുഞ്ഞിനു പോലും കരയാന്‍ ഇനി ഇടവരരുതെ എന്നും പ്രത്യാശിക്കാം. പുതിയ
തലമുറയെ ലഹരി കയത്തില്‍ നിന്ന് എങ്ങനെ കരകയറ്റാം എന്ന ആലോചനയ്ക്കും തുടക്കമാകണം.